| Tuesday, 1st July 2025, 9:35 am

ഗെയിം ചേഞ്ചര്‍ നഷ്ടമാകുമെന്ന് ആദ്യമേ അറിയാമായിരുന്നു,, തൊട്ടുപിന്നാലെ ഞാന്‍ ചെയ്ത ആ സിനിമ വലിയ വിജയമായി മാറി: ദില്‍ രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് ദില്‍ രാജു. 2003ല്‍ ദില്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാജീവിതത്തില്‍ 40ലധികം സിനിമകള്‍ നിര്‍മിക്കുകയും പത്തോളം സിനിമകള്‍ വിതരണത്തിനെത്തിക്കുകയും ചെയ്തു. രണ്ട് തവണ ദേശീയ അവാര്‍ഡും ദില്‍ രാജു സ്വന്തമാക്കിയിട്ടുണ്ട്.

ദില്‍ രാജു നിര്‍മിച്ച് ഷങ്കറിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. 350 കോടി ബജറ്റില്‍ നാല് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറുകയായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ദില്‍ രാജു.

ചിത്രം പരാജമാകുമെന്ന് തനിക്ക് ആദ്യമേ അറിയാമായിരുന്നെന്ന് ദില്‍ രാജു പറഞ്ഞു. എഡിറ്റിങ് ടേബിളില്‍ വെച്ച് സിനിമ കണ്ടപ്പോള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് തനിക്ക് മനസിലായെന്നും വിതരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് മനസ് വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചെങ്കിലും കളക്ഷന്‍ ലഭിക്കട്ടെ എന്ന ചിന്തയിലാണ് സംക്രാന്തി റിലീസായി തിയേറ്ററുകളിലെത്തിച്ചതെന്നും ദില്‍ രാജു പറഞ്ഞു. പുതിയ ചിത്രമായ തമ്മുടുവിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗെയിം ചേഞ്ചര്‍ പരാജയമാകുമെന്ന് ആദ്യമേ അറിയാമായിരുന്നു. ആ സിനിമക്ക് വേണ്ടി ഒരുപാട് പണവും സമയവും ചെലവാക്കി. എഡിറ്റിങ് ടേബിളില്‍ വെച്ച് സിനിമ കണ്ടപ്പോള്‍ തന്നെ അത് ബോക്‌സ് ഓഫീസില്‍ അധികം ഓടില്ലെന്ന് മനസിലായി. നാല് കൊല്ലത്തോളം സമയമെടുത്ത് ചെയ്ത പടമാണ് അത്. വിതരണത്തിനെടുക്കുന്നവര്‍ക്ക് കുറച്ചെങ്കിലും ലാഭം കിട്ടട്ടെ എന്ന് കരുതിയാണ് സംക്രാന്തിക്ക് തിയേറ്ററിലെത്തിച്ചത്.

പക്ഷേ, അപ്പോഴും പരാജയം തന്നെയായിരുന്നു വിധി. ഞാന്‍ വിചാരിച്ചതിലും വലിയ ഫ്‌ളോപ്പായിരുന്നു ഗെയിം ചേഞ്ചര്‍. അപ്പോഴും ഞാന്‍ കൂളായി തന്നെ നിന്നു. കാരണം, മൂന്ന് ദിവസത്തിനിപ്പുറം ഞാന്‍ നിര്‍മിക്കുന്ന മറ്റൊരു സിനിമ റിലീസാകാനുണ്ടായിരുന്നു. അതായിരുന്നു സംക്രാന്തികി വസ്തുന്നാം. ആ പടം തിയേറ്ററില്‍ ഷുവര്‍ഷോട്ട് ഹിറ്റാകുമെന്ന കാര്യത്തില്‍ കോണ്‍ഫിഡന്റായിരുന്നു,’ ദില്‍ രാജു പറയുന്നു.

റാം ചരണ്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ഗെയിം ചേഞ്ചര്‍. രാഷ്ട്രീയക്കാരനായും ഐ.എ.എസ് ഓഫീസറായും റാം ചരണ്‍ വേഷമിട്ട ചിത്രത്തില്‍ എസ്.ജെ. സൂര്യയാണ് വില്ലന്‍ കഥാപാത്രമായെത്തിയത്. ജയറാം, സമുദ്രക്കനി, അഞ്ജലി, സുനില്‍, കിയാര അദ്വാനി തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം 170 കോടിയോളമാണ് നഷ്ടമുണ്ടാക്കിയത്.

Content Highlight: Dil Raju saying he was aware about the box office verdict of Game Changer movie before its release

We use cookies to give you the best possible experience. Learn more