ജന ഗണ മന ചെയ്ത ഡിജോ തന്നെയാണോ ഈ പടത്തില്‍ റേപ്പിനെ കോമഡിയാക്കിയത്, പള്ളിച്ചട്ടമ്പിയില്‍ അറപ്പ് തോന്നിയ ആനന്ദന്‍ മുതലാളി
Malayalam Cinema
ജന ഗണ മന ചെയ്ത ഡിജോ തന്നെയാണോ ഈ പടത്തില്‍ റേപ്പിനെ കോമഡിയാക്കിയത്, പള്ളിച്ചട്ടമ്പിയില്‍ അറപ്പ് തോന്നിയ ആനന്ദന്‍ മുതലാളി
അമര്‍നാഥ് എം.
Monday, 20th April 2026, 4:35 pm

വിഷു റിലീസുകളില്‍ പലരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു പള്ളിച്ചട്ടമ്പി. ടൊവിനോയെ നായകനാക്കി ഡിജോ ജോസ് ആന്റണി 2018ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷമാണ് വെള്ളിത്തിരയിലേക്കെത്തിയത്. വിമോചന സമരത്തിന്റെ സമയത്ത് മധ്യകേരളത്തിലെ ഒരു പള്ളിയുടെ രക്ഷകനായെത്തുന്ന ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്.

വിയറ്റ്‌നാം കോളനി, അവതാര്‍, കെ.ജി.എഫ് തുടങ്ങി ഒരു ജനതയുടെ രക്ഷകനായെത്തുന്ന ആള്‍ വലിയൊരു വ്യവസ്ഥിതിക്കെതിരെ പോരാടുന്ന ടെംപ്ലേറ്റ് കഥ തന്നെയാണ് പള്ളിച്ചട്ടമ്പിയുടേതും. സുരേഷ് ബാബുവിന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ തരക്കേടില്ലാത്ത മേക്കിങ്ങിലൂടെ വാച്ചബിള്‍ അനുഭവമാക്കി തീര്‍ക്കാന്‍ ഡിജോയ്ക്ക് സാധിച്ചിട്ടുണ്ട്.

പള്ളിച്ചട്ടമ്പി Photo: Screen grab/ Sony Music

എന്നാല്‍ കഥയില്‍ ഒട്ടും ആവശ്യമില്ലാത്ത, കണ്ടുകൊണ്ടിരുന്നപ്പോള്‍ അറപ്പ് തോന്നിയ രംഗമാണ് ജോണി ആന്റണിയുടേത്. ആനന്ദന്‍ മുതലാളി എന്ന കഥാപാത്രം നായികയായ റെബേക്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന രംഗം ചിത്രത്തിലുണ്ട്. നായകന്‍ ആദ്യമായി നായികയെ കാണുന്നതും ഈ സീനിലാണ്.

എന്നാല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ഈ സീനിനെ ഒരു തമാശ മട്ടിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയും അതിന്റെ രീതികളും മാറിയതിനോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറിയ ഇന്നത്തെ കാലത്ത് റേപ്പിനെ തമാശമട്ടില്‍ അവതരിപ്പിക്കാന്‍ സംവിധായകനായ ഡിജോ ജോസ് ആന്റണിക്ക് എങ്ങനെ തോന്നി എന്നാണ് ഈ സീന്‍ കണ്ടപ്പോള്‍ തോന്നിയത്.

പള്ളിച്ചട്ടമ്പി Photo: Screen grab/ Sony Music

രാജ്യത്തെ അനീതികളെയെല്ലാം ചോദ്യം ചെയ്യുന്ന തരത്തില്‍ കേരളത്തിന് പുറത്ത് അടക്കം വലിയ ചര്‍ച്ചയായ ജന ഗണ മന പോലെ ഗംഭീര സിനിമ ചെയ്ത ഡിജോ ജോസ് ആന്റണി തന്നെയാണോ പള്ളിച്ചട്ടമ്പിയിലെ ഈ സീന്‍ എടുത്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റേപ്പ് എന്നത് ഒരു ജോക്കല്ല എന്ന് ആയിരം തവണ ഇത്തരം സിനിമാക്കാരോട് പറഞ്ഞാലും അവര്‍ അത് വിലക്കെടുക്കാതെ 1001ാമത്തെ തവണയും ഇതേ തെറ്റ് ആവര്‍ത്തിക്കുകയാണ്.

ജനപ്രിയ നായകനെന്ന് സ്വന്തം ആരാധകര്‍ മാത്രം വിളിക്കുന്ന ദിലീപിന്റെ അവസാനത്തെ പല സിനിമകളിലും റേപ്പിനെ ഒരു തമാശയായാണ് കാണിച്ചത്. സിനിമ മാറിയതറിയാത്ത ദിലീപ് ഭ ഭ ബയിലും ‘ ലക്ഷ്മിക്കുട്ടിയെ തട്ടിക്കൊണ്ട് പോയി പാല് കറന്നു’ എന്ന് പറയുന്നത് കോമഡിയായി കാണുന്നതിനെ പലരും വിമര്‍ശിച്ചിരുന്നു.

ഭ ഭ ബയില്‍ നിന്ന് പള്ളിച്ചട്ടമ്പിയിലേക്കെത്തുമ്പോഴും ഇത്തരം ചിന്തകള്‍ക്ക് മാറ്റമൊന്നുമില്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് കൃത്യമായി പാലിക്കപ്പെടണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. എന്നാല്‍ കലാകാരന്മാര്‍ക്ക് പൊളിറ്റിക്കല്‍ കമ്മിറ്റ്‌മെന്റും സാമാന്യബോധവും വേണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

Content Highlight: Dijo Jose Antony portrays rape as Joke in Pallichattambi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം