ഗിരീഷ് എ.ഡിയുടെ പ്രണയ യൂണിവേഴ്‌സ്
Film News
ഗിരീഷ് എ.ഡിയുടെ പ്രണയ യൂണിവേഴ്‌സ്
ഹുദ തബസ്സും കെ.കെ
Sunday, 11th February 2024, 6:48 pm

മലയാളികളുടെ മനസിൽ ഇടംപിടിച്ച സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് ഗിരീഷ് എ.ഡി. പ്രണയ പശ്ചാത്തലത്തിലുള്ള സിനിമകളാണ് ഗിരീഷ് ഇതുവരെ ചെയ്തിട്ടുള്ളത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളാണ് ഗിരീഷിന്റേത്. മൂന്ന് സിനിമകളിലും പ്രണയമാണ് കഥയെങ്കിലും കഥയുടെ പശ്ചാത്തലം വ്യത്യസ്ത കാലഘട്ടങ്ങളാണ്.

തണ്ണീർ മത്തൻ ദിനങ്ങൾ പ്ലസ് ടു കാലഘട്ടത്തിലെ പ്രണയമാണെങ്കിൽ സൂപ്പർ ശരണ്യയിൽ സംസാരിക്കുന്നത് കോളേജ് കാലഘട്ടമാണ്. അതിൽ നിന്നും മാറികൊണ്ട് ജോലി സ്ഥലത്തെ പ്രണയത്തിന്റെ പശ്ചാത്തലമാണ് തന്റെ പുതിയ ചിത്രമായ പ്രേമലുവിൽ ഗിരീഷ് ഒരുക്കിയിട്ടുള്ളത്.

2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ പ്ലസ് റ്റു കാലത്തെ പ്രണയ ചിത്രമാണ്. ഗിരീഷ് എ.ഡി. സഹ-രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ,നസ്ലൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ജെയ്സൺ ആയി മാത്യുവും രവി പത്മനാഭനായി വിനീത് ശ്രീനിവാസനും കീർത്തിയായി അനശ്വര രാജനുമാണ് അഭിനയിച്ചിട്ടുള്ളത്.

ജെയ്സണ് കീർത്തിയോട് തോന്നുന്ന പ്രണയത്തെ പശ്ചാത്തലമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇതിനിടയിൽ കാര്യങ്ങൾ കുഴപ്പത്തിലാക്കാൻ അധ്യാപകനായ രവിയുടെ ശ്രമങ്ങളും, അവസാനം ക്ലൈമാക്സിൽ ഇരുവരും ഒന്നിക്കുന്ന ഒരു പ്ലോട്ടുമാണ് തണ്ണീർ മത്തനിൽ. തികച്ചും ഒരു വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

എന്നാൽ അതിൽ നിന്നും മാറി ഒരു കോളേജ് കാലഘട്ടത്തിലെ പ്രണയമാണ് സൂപ്പർ ശരണ്യയിൽ ഗിരീഷ് പറഞ്ഞുവെക്കുന്നത്. അനശ്വര, അർജുൻ അശോകൻ, മമിത ബൈജു, നസ്ലൻ കെ.ഗഫൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2022 ലാണ് പുറത്തിറങ്ങിയത്. ശരണ്യ വാസുദേവൻ എന്ന കഥാപാത്രത്തെ അനശ്വര രാജനും ദീപുവായി അർജുൻ അശോകനും സോനാ എന്ന സോനാരയായി മമിത ബൈജുവും ചിത്രത്തിൽ എത്തുന്നുണ്ട്.

ഒരു എൻജിനീയറിങ് കോളേജിൽ നടക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശരണ്യയും സോനയും അടങ്ങുന്ന നാലംഗ സംഘത്തിന്റെ സൗഹൃദത്തെയും ചിത്രം സംസാരിക്കുന്നുണ്ട്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദീപു എന്ന യുവാവുമായുള്ള പ്രണയത്തിലൂടെയാണ് പിന്നീട് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു കോളേജ് ക്യാമ്പസിനെ കൃത്യമായി ചിത്രീകരിക്കാൻ സൂപ്പർ ശരണ്യ എന്ന ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന് യുവാക്കൾക്കിടയിൽ കോളിളക്കം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു.

സ്കൂളും കോളേജും കഴിഞ്ഞതിനുശേഷം ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഗിരീഷ് തന്റെ പുതിയ ചിത്രമായ പ്രേമലുവിൽ പറയുന്നത്. മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിൻ എന്ന കഥാപാത്രമായി നസ്‌ലനും റീനു എന്ന കഥാപാത്രമായി മമിതയുമാണ് അവതരിപ്പിക്കുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തെ സംഗീത് പ്രതാപും കാർത്തികയായി അഖില ഭാർഗവനുമാണ് അഭിനയിക്കുന്നത്.

ഹൈദരാബാദിലെ ഒരു കോർപറേറ്റ് കമ്പനിയിലെ സഹപ്രവർത്തകരാണ് ആദിയും കാർത്തികയും റീനുവുമെല്ലാം. എന്നാൽ ഹൈദരാബാദിലേക്ക് ഗേറ്റ് കോച്ചിങ്ങിന് എത്തുന്ന വിദ്യാർത്ഥികളാണ് സച്ചിനും അമൽ ഡേവിസും. എന്നാൽ കോച്ചിങ് ഇഷ്ടമില്ലാതെ തിരിച്ചുപോകാൻ നിൽക്കുന്ന സച്ചിന്റെ ജീവിതത്തിലേക്ക് റീനു എത്തുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രം നിറഞ്ഞ സദസ്സോടെ തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

മൂന്ന് പ്രേമ സിനിമകൾ മാത്രം സംവിധാനം ചെയ്ത ഗിരീഷ് വ്യത്യസ്ത കാലഘട്ടത്തിന്റെ പ്രണയമാണ് പശ്ചാത്തലമാകുന്നത്. സംവിധാനത്തിൽ എന്ന പോലെ അഭിനയത്തിലും രചനയിലും ഗിരീഷ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Content Highlight:  different periods in Gireesh AD”s movie

ഹുദ തബസ്സും കെ.കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം