പോറ്റി സ്വര്‍ണ കൊള്ളക്കാരനാണെന്ന് അറിഞ്ഞില്ല; വീട്ടില്‍ പോയത് സത്യം: അടൂര്‍ പ്രകാശ്
Kerala
പോറ്റി സ്വര്‍ണ കൊള്ളക്കാരനാണെന്ന് അറിഞ്ഞില്ല; വീട്ടില്‍ പോയത് സത്യം: അടൂര്‍ പ്രകാശ്
നിഷാന. വി.വി
Friday, 23rd January 2026, 12:06 pm

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും സ്വര്‍ണ്ണക്കൊള്ളക്കാരനാണെന്ന് അറിഞ്ഞില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോറ്റി സ്വര്‍ണ്ണക്കൊളളക്കാരനാണെന്ന് അറിയില്ലായിരുന്നു. വീട്ടില്‍ പോയത് സത്യമാണ്. അത് താന്‍ മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ മുതല്‍ ഈ വാര്‍ത്ത താന്‍ അത് കണ്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പലരും വിളിച്ചിട്ടും പ്രതികരിക്കാതിരുന്നത് ഈ മരമുറി ചാനലില്‍ പറയുന്നത് എന്താണെന്ന് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയായിരുന്നതിനാലാണ്.

തന്നെ മോശക്കാരനാക്കാനാണ് ശ്രമമെന്നും അത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോകില്ലെന്നും ഈ വിഷയത്തില്‍ ആര്‍ക്കും തന്നെ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ ആറ്റിങ്ങല്‍ എം.പിയായതിന് ശേഷമാണ് പോറ്റി തന്നെ ശബരിമലയില്‍ നടക്കുന്ന അന്നദാനത്തിനായി ക്ഷണിക്കുന്നത്. അതനുസരിച്ച് ചടങ്ങില്‍ പങ്കെടുത്തു. പോറ്റിയുടെ പിതാവ് മരണപ്പെട്ടപ്പോള്‍ ശബരിമലയിലെ പോറ്റിയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോയിരുന്നു. അത് താന്‍ മറച്ചുവെക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായാണ് ഞാന്‍ വന്നിരിക്കുന്നത്. ദയവ് ചെയ്ത് ഈ മരമുറി ചാനലില്‍ ഞാന്‍ രോഷാകുലനായി പ്രതികരിച്ചുവെന്ന് സംപ്രേഷണം ചെയ്യരുതെന്നും അദ്ദേഹം പരിഹസിച്ചു.

പോറ്റിയുടെ സഹോദരിയുടെ വീട്ടിലും താന്‍ പോയിട്ടുണ്ടെന്ന് സമ്മതിച്ച അടൂര്‍ പ്രകാശ് താന്‍ ഒറ്റയ്ക്കല്ല കെ.പി.സി.സി ജനറല്‍ സെക്രട്ടറി രമണി പി. നായരോടൊപ്പമാണ് പോയതെന്നും കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തില്‍പ്പെട്ടയാളായത് കൊണ്ടാണ് പോയതെന്നും പോറ്റി കൊളള സംഘത്തിലെ അംഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പോറ്റി തനിക്ക് നല്‍കിയ സമ്മാനം ഈത്തപ്പഴമാണ്. മഹസര്‍ സാക്ഷി വിക്രമന്‍ നായര്‍ പെയ്ഡ് സാക്ഷിയാണെന്നും രമേശ് റാവുവിനെ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോറ്റിയോടൊപ്പം സോണിയാ ഗാന്ധിയെ കാണാന്‍ പോയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അപ്പോയിന്‍മെന്റ് ഉണ്ടെന്നും സോണിയാ ഗാന്ധിയെ കാണാന്‍ ഒപ്പം വരണമെന്നുള്ള പോറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ പോയതെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.

Content Highlight: Didn’t know Potty was a gold thief; It’s true he went home: Adoor Prakash

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.