ഗാംഗുലിയില്‍ നിന്ന് ലഭിച്ച പിന്തുണ ധോണിയില്‍ നിന്നും കോഹ്‌ലിയില്‍ നിന്നും ലഭിച്ചിട്ടില്ല; തുറന്നുപറഞ്ഞ് യുവരാജ്
Cricket
ഗാംഗുലിയില്‍ നിന്ന് ലഭിച്ച പിന്തുണ ധോണിയില്‍ നിന്നും കോഹ്‌ലിയില്‍ നിന്നും ലഭിച്ചിട്ടില്ല; തുറന്നുപറഞ്ഞ് യുവരാജ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st April 2020, 10:40 pm

മുംബൈ: സൗരവ് ഗാംഗുലിയില്‍ നിന്ന് ലഭിച്ചത് പോലുള്ള പിന്തുണ മഹേന്ദ്രസിംഗ് ധോണിയും വിരാട് കോഹ്‌ലിയും ക്യാപ്റ്റനായപ്പോള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍താരം യുവരാജ് സിംഗ്. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സൗരവ് ഗാംഗുലിയ്ക്ക് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. വലിയ പിന്തുണയായിരുന്നു എനിക്ക് അദ്ദേഹം തന്നത്. പിന്നീട് മഹിയ്ക്ക് കീഴിലും കളിച്ചു. രണ്ടുപേരെയും തമ്മില്‍ താരതമ്യം ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗാംഗുലിയ്‌ക്കൊപ്പം ഒരുപാട് നല്ല ഓര്‍മ്മകളുണ്ട്. കാരണം അദ്ദേഹം വലിയ പിന്തുണ തന്നിട്ടുണ്ട്. ആ പിന്തുണ മഹിയില്‍ നിന്നും കോഹ്‌ലിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടില്ല’, യുവി പറഞ്ഞു.

സൗരവ് ഗാംഗുലിയ്ക്ക് കീഴില്‍ 2000 ത്തിലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളിക്കുന്നത്. പിന്നീട് ഇന്ത്യന്‍ മധ്യനിരയില്‍ ഗാംഗുലിയുടെ വിശ്വസ്തതാരമായിരുന്നു യുവരാജ്.

യുവി ആകെ കളിച്ച 304 ഏകദിനങ്ങളില്‍ 110 ഉം ഗാംഗുലി ക്യാപ്റ്റനായപ്പോഴായിരുന്നു. ധോണി നായകനായ 104 മത്സരങ്ങളിലും ഈ ഓള്‍റൗണ്ട് താരം ടീമിലുണ്ടായിരുന്നു.

അതേസമയം ധോണി ക്യാപ്റ്റനായ സമയത്താണ് യുവി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 104 മത്സരങ്ങളില്‍ 3077 റണ്‍സാണ് യുവി നേടിയത്. ഗാംഗുലിയ്ക്ക് കീഴില്‍ കളിച്ച മത്സരങ്ങളില്‍ 2640 റണ്‍സ് നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നീ നായകര്‍ക്ക് കീഴിലും യുവി കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക പങ്കാണ് യുവരാജ് വഹിച്ചത്.

WATCH THIS VIDEO: