കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷൻ – ബി.ജെ.പി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ ബി.ജെ.പിയെ വിമർശിച്ചത്.
ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് എസ്.ഐ.ആർ നടപടിയുടെ ഭാഗമായി 27 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതായും, ഇത് അവരുടെ പൗരത്വ രേഖകളെ ലക്ഷ്യം വെച്ചുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനായി 3.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവർ തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
‘നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും അയൽക്കാരോടും ഈ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ പറയുക. വോട്ട് നേടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായി നിങ്ങളുടെ പൗരത്വ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരായ ഈ പോരാട്ടത്തിൽ ദീദി വിജയിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
‘ഓർക്കുക, ബി.ജെ.പി റേഷൻ കാർഡ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൗരത്വ രേഖകൾ റദ്ദാക്കും. മമത ബാനർജിക്ക് മാത്രമേ നിങ്ങളെ സഹായിക്കാൻ കഴിയൂ. അവർ നിങ്ങൾക്കൊപ്പം നിൽക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിന് വേണ്ടി സംസ്ഥാനത്തിന് പുറത്തുള്ളവരെയും ബംഗാളിലേക്ക് എത്തിക്കുന്നുണ്ടെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബംഗാളിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ആം ആദ്മി നേതാവ് പറഞ്ഞു.
‘ഉയരക്കുറവുള്ളൊരു സ്ത്രീ മോദിക്കും ഷായ്ക്കുമെതിരെ എങ്ങനെ തലയുയർത്തി നിൽക്കുന്നുവെന്നും ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുവെന്നും ഇത് തെളിയിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു വർഷം മുമ്പ് അവർ എനിക്കെതിരെ ഒരു അഴിമതിക്കേസ് ഫയൽ ചെയ്യുകയും ആറ് മാസത്തേക്ക് എന്നെ ജയിലിലടക്കുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം, കെട്ടിച്ചമച്ച ആ ആരോപണങ്ങളിൽ ഒരു തെളിവുപോലും ഇല്ലെന്ന് കോടതി പറഞ്ഞു. പ്രതികാര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഈ സർക്കാരിനെ പശ്ചിമ ബംഗാളിൽ അധികാരത്തിൽ വരാൻ ദയവായി അനുവദിക്കരുത്,’ ദൽഹി മുൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Content Highlight: Didi must win the fight against BJP; Kejriwal announces support for Trinamool