അവതാറിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ തിയേറ്റര്‍ എന്റെ നാട്ടിലാണ്; ജെയിംസ് കാമറൂണിനോട് ഓര്‍മ പങ്കുവെച്ച് രാജമൗലി
World Cinema
അവതാറിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ തിയേറ്റര്‍ എന്റെ നാട്ടിലാണ്; ജെയിംസ് കാമറൂണിനോട് ഓര്‍മ പങ്കുവെച്ച് രാജമൗലി
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 18th December 2025, 11:43 am

ലോക സിനിമാപ്രേമികള്‍ക്ക് തങ്ങളുടെ സിനിമകളിലൂടെ ദൃശ്യവിരുന്നൊരുക്കുന്ന രണ്ട് സംവിധായകരാണ് ഹോളിവുഡിലെ അതികായന്‍ ജെയിംസ് കാമറൂണും, ഇന്ത്യക്കാരുടെ സ്വന്തം എസ്.എസ്.രാജമൗലിയും. ഡിസംബര്‍ 19 ന് പുറത്തിറങ്ങാനിരിക്കുന്ന ജെയിംസ് കാമറൂണിന്റെ അവതാര്‍:ഫയര്‍ ആന്‍ഡ് ആഷുമായി ബന്ധപ്പെട്ട് ഇരു സംവിധായകരും നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ ചലച്ചിത്രമേഖലയിലെ വിഷയം.

ട്വന്റീന്‍ത് സെഞ്ച്വറി സ്റ്റുഡിയോ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ കോണ്‍ഫെറന്‍സ് വഴി ഇരുസംവിധായകരും പരസ്പരം വിശേഷങ്ങള്‍ പങ്കു വെച്ചത്. 2009 ല്‍ റിലീസ് ചെയ്ത അവതാറിനെക്കുറിച്ചുള്ള ഓര്‍മ ജെയിംസ് കാമറൂണുമായി പങ്കുവെക്കുന്ന രാജമൗലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹികമാധ്യമത്തില്‍ വൈറലാവുന്നത്.

രാജമൗലിയും കാമറൂണും അഭിമുഖത്തിനിടെ. Photo: screen grab/ 20th century studio India/ youtube.com

‘താങ്കളുടെ 2009 ല്‍ പുറത്തിറങ്ങിയ അവതാറിന്റെ ആദ്യഭാഗത്തിന് എന്റെ സിറ്റിയായ ഹൈദരാബാദുമായി ഒരു ബന്ധമുണ്ട്. താങ്കള്‍ക്ക് അതിനെക്കുറിച്ച് ഓര്‍മയുണ്ടോ എന്ന് എനിക്ക് അറിയില്ല, അവതാറിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന് ഒരു തിയേറ്ററില്‍ നിന്നും ലഭിക്കുന്ന സിംഗിള്‍ മോസ്റ്റ് ബിഗസ്റ്റ് കളക്ഷന്‍ ലഭിക്കുന്നത് ഹൈദരാബാദിലെ തിയേറ്ററില്‍ നിന്നുമാണ്.

ഹൈദരാബാദിലെ അന്നത്തെ പ്രശസ്ത തിയേറ്ററായ പ്രസാദ് ഐ മാക്‌സില്‍ നിന്നുമായിരുന്നു ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. അന്ന് ചിത്രം തുടര്‍ച്ചയായി ഒരു വര്‍ഷത്തോളമാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. പക്ഷേ ഇന്ന് ആ തിയേറ്റര്‍ ഒരു ഐമാക്‌സ് തിയേറ്ററല്ല;’ രാജമൗലി പറഞ്ഞു.

സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ചിത്രമായിരുന്നു 2009 ല്‍ പുറത്തിറങ്ങിയ അവതാര്‍. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ അവതാറിന്റെ രണ്ടാംഭാഗം 2022ല്‍ പുറത്തിറങ്ങിയിരുന്നു. സമ്മിശ്ര അഭിപ്രായങ്ങളാണ് അവതാര്‍:വേ ഓഫ് വാട്ടറിനു ലഭിച്ചതെങ്കിലും 2.3 ബില്ല്യണ്‍ ഡോളര്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

അവതാര്‍. Photo: prime video

ഇന്ത്യയില്‍ ഡിസംബര്‍ 19 നാണ് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ് റിലീസ് ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളോട് നീതിപുലര്‍ത്തുന്ന രീതിയിലല്ല മൂന്നാംഭാഗമെന്നും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നുമാണ് ചിത്രം റിലീസ് ചെയ്ത രാജ്യങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.

Content Highlight: dialouge between rajamouli and james cameron

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.