പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദിലീപാണ്. ചിത്രത്തില്‍ ചില കോമഡികള്‍ ചേര്‍ക്കാന്‍ വേണ്ടി ദിലീപും സിദ്ദിഖും കൂടി തിരക്കഥാകൃത്തിനോട് പറയാറുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം വേണ്ട എന്നാണ് പറഞ്ഞിട്ടുള്ളതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
ദിലീപിന്റെയും സിദ്ദിഖിന്റേയും കോമഡി കേട്ട് അവര്‍ രണ്ടുപേരും മാത്രം ചിരിക്കുമെന്നും തനിക്ക് പറയാനുള്ള കാലം മാറിയെന്നും പഴയ കോമഡികള്‍ ഒന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ട എന്നുള്ളതാണെന്നും തമാശ രൂപത്തില്‍ ധ്യാന്‍ പറഞ്ഞു.
‘പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ സെറ്റില്‍ സിദ്ദിഖും ദിലീപേട്ടനും കൂടെ ചര്‍ച്ചയായിരിക്കും. രണ്ടുപേരും പഴയ കാലഘട്ടത്തിലെ ആളുകളാണേ, ഇവരുടെ കോമഡിയാണ്. രണ്ടുപേരും മാറി മാറി ചിരിക്കുന്നുമുണ്ട്. എനിക്കാണെങ്കില്‍ ഇതൊന്നും മനസിലാകുന്നുമില്ല. സിനിമയില്‍ ഇതും കൂടി ചേര്‍ക്കാം എന്നൊരു പ്ലാന്‍ അവര്‍ക്കുണ്ടാകും.
ഇവര്‍ അത് പറഞ്ഞ് ചിരിച്ച് മറിഞ്ഞിട്ടുണ്ടാകും. അപ്പോള്‍ ഷാരിസ് (തിരക്കഥാകൃത്ത്) വന്നിട്ട് പറയും, ചേട്ടാ ആ കോമഡി വേണ്ടാട്ടോ. ദിലീപേട്ടന്റെയും സിദ്ദിഖ് ഇക്കാന്റെയും മനസിലൂടെ പോകുന്നത് ‘ഇവനെന്താ ഇക്കാലത്തെ കോമഡി മനസിലാകാത്തത്’ എന്നായിരിക്കും. എനിക്ക് പറയാനുള്ളത്, കാലം മാറി, പഴയ സാധനം ഒന്നും ഇപ്പോള്‍ വേണ്ട. ഇതൊക്കെ ഞാന്‍ തമാശയ്ക്ക് പറയുന്നതാണേ (ചിരി),’ വിനീത് ശ്രീനിവാസന്‍ പറയുന്നു.
ദിലീപിന്റെ 150ാമത് ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെയും തിരക്കഥ ഒരുക്കിയത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മെയ് ഒന്‍പതിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപ് നായകനായി അവസാനമിറങ്ങിയ നാല് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.
Content Highlight: Dhyan Sreenivasan Trolls Dileep And Siddique