| Friday, 13th December 2024, 7:19 pm

ആ സിനിമക്ക് യങ്ങായി തോന്നാന്‍ തടി കുറക്കാന്‍ പറഞ്ഞപ്പോള്‍ വണ്ണമുള്ള കുട്ടി ക്ലാസില്‍ ഉണ്ടാകില്ലേയെന്നാണ് ചോദിച്ചത്: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാനിനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയേറ്ററില്‍ വലിയ വിജയമായിരുന്നു ചിത്രം.

ചിത്രത്തില്‍ വേണു എന്ന കഥാപാത്രത്തിന്റെ കൗമാരം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടങ്ങള്‍ അവതരിപ്പിച്ചത് ധ്യാന്‍ ശ്രീനിവാസനാണ്. തുടര്‍ച്ചയായ പരാചയങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തിന് വേണ്ടി ഭാരം കുറച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

കരിയറിനെ കുറച്ച് കൂടി സീരിയസ് ആയി കാണാം എന്ന് തീരുമാനിച്ചതിന് ശേഷം ചെയ്യുന്ന സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും ചിത്രത്തിനായി വിനീത് ശ്രീനിവാസന്‍ വിളിച്ചപ്പോള്‍ ഭാരം കുറക്കണം എന്നായിരുന്നു തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ സിനിമയില്‍ തന്നെക്കാള്‍ പ്രായത്തിന് മുതിര്‍ന്നതോ സമ പ്രായമോ ആയ കഥാപാത്രങ്ങളെയാണ് ചെയ്യുകയെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമക്ക് വേണ്ടി പതിനേഴ് വയസുള്ള കഥാപാത്രത്തെ ചെയ്യാന്‍ ചെറുപ്പമാകാന്‍ വേണ്ടിയാണ് ഭാരം കുറച്ചതെന്നും ധ്യാന്‍ പറഞ്ഞു. ഭാരം കുറക്കാന്‍ വിനീത് പറഞ്ഞപ്പോള്‍ വണ്ണമുള്ള കുട്ടികള്‍ ക്ലാസില്‍ ഉണ്ടാകില്ലേയെന്ന് ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘കരിയറിനെ ഇനി കുറച്ചുകൂടി സീരിയസ് ആയി കാണണമെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തീരുമാനിച്ചപ്പോള്‍ കൃത്യമായി എന്റെ ചേട്ടന്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ചേട്ടന്‍ എന്നോട് ഒരു കാര്യമാണ് പറഞ്ഞത്, നീ ഈ സിനിമക്ക് വേണ്ടി വണ്ണം കുറക്കണമെന്ന്. കാരണം ആ കഥാപാത്രം ഒരു പ്ലസ് വണ്‍, പ്ലസ് ടുവിന് പഠിക്കുന്ന ആളാണ്.

ബാക്കിയുള്ള സിനിമകളിലെല്ലാം ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇരുപത്തി അഞ്ചിനും മുപ്പതിനും മുകളിലുള്ള കഥാപാത്രങ്ങളാണ്. എന്റെ മുപ്പത്തിയഞ്ച് മുപ്പത്തിയാറാം വയസില്‍ ഞാന്‍ പതിനാറും പതിനേഴും വയസുള്ള കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തടി കുറക്കണം. ഈ അടുത്ത കാലത്ത് ഞാന്‍ അഭിനയിച്ച സിനിമകളിലൊന്നും ഞാന്‍ ഇത്രയും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും ഇല്ല.

അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള വെയ്റ്റ് ലോസ് നടത്തിയില്ലെങ്കില്‍ കഥാപാത്രത്തെ കണ്‍വിന്‍സിങ് ആകില്ല. പക്ഷെ അപ്പോഴും ഞാന്‍ ചേട്ടനോട് ചോദിച്ചത് പതിനേഴ് വയസില്‍ ക്ലാസില്‍ വണ്ണമുള്ള കുട്ടി ഉണ്ടായിക്കൂടെ എന്നാണ്. എന്നാല്‍ സിനിമക്ക് വേണ്ടി മെലിഞ്ഞപ്പോള്‍ നമ്മള്‍ കുറച്ചുകൂടി യങ് ആയ പോലെ തോന്നാന്‍ തുടങ്ങി. അതായിരുന്നു ആ കഥാപാത്രത്തിന് വേണ്ടിയിരുന്നത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan Talks About Weight Lose For Varshangalk Shesham Movie

We use cookies to give you the best possible experience. Learn more