| Sunday, 2nd February 2025, 2:29 pm

ആ സിനിമയിലെ എന്റെ അഭിനയം കാണുമ്പോൾ എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോഴും എനിക്ക് വിഷമമാണ്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാൻ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാൻ തെളിയിച്ചു.

അനൂപ് മേനോനെ കണ്ടപ്പോൾ സിനിമയിൽ തനിക്ക് നായകൻ ആകണം എന്ന് തോന്നിയെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. തന്റെ അമ്മാവൻ എം. മോഹനൻ ആണ് തന്നെ 916 എന്ന സിനിമ ചെയ്യുമ്പോൾ സഹ സംവിധായകനായി വിളിച്ച് സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് ധ്യാൻ പറഞ്ഞു.

ആ ചിത്രത്തിൽ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് സംവിധായകനാകാൻ ആഗ്രഹം തോന്നിയതെന്നും 916 ലെ നായകനായ അനൂപ് മേനോനെ കണ്ടപ്പോൾ നായകൻ ആകണമെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മാവന്റെ ഒപ്പം നിൽക്കുന്ന കാലത്താണ് തന്നെ വിനീത് ശ്രീനിവാസൻ തിര എന്ന സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുന്നതെന്നും അതിലെ തന്റെ അഭിനയം കാണുമ്പോൾ വിഷമം വരുമെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

‘അമ്മാവൻ എം.മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം. അതിൽ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകനാകണമെന്ന മോഹം തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോൻ ആയിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും തോന്നി. പിന്നെ ചില നിർമാതാക്കളുടെ പത്രാസ് കണ്ടപ്പോൾ അതാകണം വഴിയെന്നു തോന്നി. ചുരുക്കത്തിൽ ഇതെല്ലാമായി.

അമ്മാവന്റെ ഒപ്പം നിൽക്കുന്ന കാലത്താണു തിരയിലെ നായകനാകാൻ ഏട്ടൻ വിളിച്ചത്. അതിലെ അഭിനയം കാണുമ്പോൾ എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോഴും എനിക്ക് വിഷമമാണ്,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan talks about his acting in Thira Movie

We use cookies to give you the best possible experience. Learn more