മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ സഹോദര ജോഡികളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അഭിനേതാക്കളായും സംവിധായകരായും തിരക്കഥാകൃത്തുകളായും ഇരുവരും മലയാള സിനിമയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ സിനിമയെക്കാൾ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടുന്നത് ഇരുവരും തമ്മിലുള്ള രസകരമായ കഥകളും അനുഭവങ്ങളുമാണ്.
അത്തരത്തിൽ, തന്റെ സഹോദരൻ വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ചില രസകരമായ ഓർമകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ സ്കൂൾകാലത്തെ വിനീതിന്റെ സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ , Photo; X.com
വിനീത് ശ്രീനിവാസൻ സ്കൂൾ പഠനകാലത്ത് വളരെ വ്യത്യസ്തനായ കുട്ടിയായിരുന്നു. സ്കൂളിലേക്ക് പോകാൻ സ്കൂൾ വാൻ ഉപയോഗിച്ചിരുന്ന വിനീത്, യാത്രയുടെ മുഴുവൻ സമയവും പാട്ടുപാടി സഹപാഠികളെ രസിപ്പിക്കുന്ന ആളായിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്.
സ്കൂളിലെത്താൻ ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ സമയം മുഴുവൻ വിനീത് പാട്ടുപാടിക്കൊണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
‘എന്റെ ചേട്ടൻ ഭയങ്കര ഊളയായിട്ടുള്ള ഒരാളാണ്. ഞാൻ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വരെ വാനിൽ പോയിട്ടുണ്ട്. പിന്നീട് ഒമ്പതാം ക്ലാസ് മുതൽ കാറിലായിരുന്നു യാത്ര, അതും കാറോടിച്ച്. ചെന്നൈയിൽ ലൈസൻസിന്റെ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷേ ചേട്ടൻ സ്കൂൾ വാനിലാണ് പോകാറുണ്ടായിരുന്നത്. വാനിൽ കയറിയാൽ പിന്നെ സ്കൂൾ എത്തുംവരെ പാട്ടുപാടലാണ് പ്രധാന പരിപാടി. ഒരു ദിവസം പോലും പാട്ടുപാടാതെ പോയിട്ടില്ല,’ എന്നാണ് ധ്യാൻ തമാശയോടെ പറഞ്ഞത്.
വിനീതിന്റെ ഈ സ്വഭാവം സഹപാഠികൾക്കിടയിലും വലിയ സ്വീകാര്യത നേടിയിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്. സ്കൂളിൽ പഠിച്ചിരുന്ന ഉത്തരേന്ത്യൻ വിദ്യാർഥികൾ പോലും ‘നീ വിനീതിന്റെ സഹോദരനല്ലേ?’ എന്ന് ചോദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ധ്യാൻ ശ്രീനിവാസൻ കുടുംബത്തോടൊപ്പം, Photo: X.com
ആദ്യം അത് കേട്ട് അത്ഭുതപ്പെട്ടെങ്കിലും പിന്നീട് വാനിൽ സ്ഥിരമായി പാട്ടുപാടി എല്ലാവരുടെയും ശ്രദ്ധ നേടിയതാണ് അതിന് കാരണമെന്ന് മനസിലായെന്നും ധ്യാൻ പറഞ്ഞു.
വിനീത് തന്നെയായിരുന്നു വാനിലെ കുട്ടികൾക്ക് പ്രധാന എന്റർടെയിനർ. മറ്റ് കുട്ടികൾ യാത്ര ആസ്വദിച്ച് ഇരിക്കുമ്പോൾ പാട്ടുപാടി അന്തരീക്ഷം സജീവമാക്കുന്ന വ്യക്തിയായിരുന്നു വിനീതെന്ന് ധ്യാൻ ഓർക്കുന്നു. പ്ലസ് ടു വരെ വിനീത് സ്കൂൾ വാനിൽ യാത്ര ചെയ്തിരുന്നുവെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.
ധ്യാൻ ശ്രീനിവാസന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ന് ഗായകനായും സംവിധായകനായും നടനായും ശ്രദ്ധേയനായ വിനീത് ശ്രീനിവാസന്റെ സംഗീതപ്രണയം സ്കൂൾകാലം മുതലേ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു ഓർമക്കുറുപ്പായാണ് ആരാധകർ ഇതിനെ കാണുന്നത്.
Content Highlight: Dhyan sreenivasan talk about Vineeth sreenivaasan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.