നടൻ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ സംസാരിക്കുകയാണ് മകൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ വിടവാങ്ങിയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളുവെന്നും, എല്ലാവരെയും ചിരിപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ വലിയൊരു ഭാരമായി തോന്നുന്നുവെന്നും ധ്യാൻ തുറന്നു പറഞ്ഞു. വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഴ്സിന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം അച്ഛനുമായുള്ള ഓർമകൾ പങ്കുവെച്ചത്.
സാധാരണയായി വേദികളിലും അഭിമുഖങ്ങളിലുമെല്ലാം തമാശകൾ പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിക്കുന്ന ധ്യാനെയാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. എന്നാൽ ഇത്തവണ അദ്ദേഹം പ്രസംഗം ആരംഭിച്ചത് തന്നെ, താൻ തമാശ പറയാനുള്ള മാനസികാവസ്ഥയിൽ അല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു.
ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ , Photo; Dyan Sreenivasan/ Facebook
‘ഇവിടെ വന്നാൽ ഉടനെ തമാശ പറയും, എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്. സത്യം പറഞ്ഞാൽ ഇപ്പോൾ അങ്ങനെയൊരു അവസ്ഥയിലല്ല ഞാൻ. അച്ഛൻ പോയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അച്ഛൻ പോയതിന് ശേഷം ഞാൻ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. അതുകൊണ്ട് തന്നെ തമാശകളൊന്നും പ്രതീക്ഷിക്കേണ്ട,’ ധ്യാൻ പറഞ്ഞു.
തുടർന്ന് അച്ഛനുമായുള്ള ഒരു ഓർമയും അദ്ദേഹം പങ്കുവെച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കൾ വീട്ടിൽ വന്നാൽ, കൂട്ടുകാരുടെ മുന്നിൽ തന്നെ അപമാനിക്കുന്നത് അച്ഛന്റെ ഒരു സ്ഥിരം ഹോബിയായിരുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. അതിന് താൻ അർഹനാണെന്ന് കരുതി ഒന്നും മറുപടി പറയാതെ കേട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാലത്ത് അച്ഛന്റെ ഒരു സുഹൃത്ത് നൽകിയ ഉപദേശത്തെക്കുറിച്ചും ധ്യാൻ ഓർത്തെടുത്തു. ഭാവിയിൽ പണം സമ്പാദിക്കാൻ തുടങ്ങിയാൽ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ആദ്യത്തെ അക്കൗണ്ട് ജീവിതച്ചെലവുകൾക്കായി, രണ്ടാമത്തേത് നികുതി അടയ്ക്കാൻ, മൂന്നാമത്തേത് ചാരിറ്റിക്കായി മാറ്റിവയ്ക്കണം എന്നും അദ്ദേഹം പറഞ്ഞുവെന്ന് ധ്യാൻ പറഞ്ഞു.
വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, Photo: Dhyan Sreenivasan/ Facebook
‘നീ എത്ര വലിയ വീടും ആഡംബര ജീവിതവും നയിച്ചാലും, ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നിനക്ക് കിട്ടുന്നത് ചാരിറ്റി ചെയ്യുമ്പോഴായിരിക്കും’ എന്ന വാക്കുകൾ ഇന്ന് അച്ഛന്റെ പേരിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പൂർണത നേടുന്നുവെന്നും ധ്യാൻ പറഞ്ഞു. അച്ഛന്റെ പേരിൽ നടത്തുന്ന സഹായ പ്രവർത്തനങ്ങൾ കൊണ്ട് സന്തോഷിക്കുന്നവരെക്കാൾ കൂടുതൽ സന്തോഷം അച്ഛനുണ്ടാവുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ വേദനയും ഓർമ്മകളും പങ്കുവെച്ച ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ സദസ്സിൽ ഏറെ വികാരഭരിതമായ നിമിഷങ്ങളാണ് സൃഷ്ടിച്ചു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.