കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയോളം കളക്ഷന്‍ സ്വന്തമാക്കി. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.
ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥിവേഷത്തിലെത്തിയിരുന്നു. 20 മിനിറ്റ് മാത്രമുള്ള നിതിന്‍ മോളി എന്ന കഥാപാത്രം തിയേറ്ററുകളെ ഇളക്കിമറിച്ചു. സ്പൂഫിന്റെ അംശമുള്ള കഥാപാത്രമായിരുന്നു നിവിന്റേത്. സെല്‍ഫ് ട്രോള്‍ ഡയലോഗുകള്‍ കൊണ്ട് താരം കൈയടി നേടിയിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം നിവിന് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു നിതിന്‍ മോളി.
നിവിനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. വാഗമണ്ണിലായിരുന്നു ഷൂട്ടെന്നും ബേസില്‍ ജോസഫ്, പ്രണവ് തുടങ്ങി സിനിമയിലെ എല്ലാ താരങ്ങളും അവിടെ ഉണ്ടായിരുന്നെന്നും ധ്യാന്‍ പറഞ്ഞു. ആദ്യദിവസത്തെ ഷൂട്ടിന് ശേഷം അടുത്ത ദിവസം എപ്പോഴാണ് വരേണ്ടതെന്ന് നിവിന്‍ തന്നോട് ചോദിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആറ് മണിക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ ആ സമയത്ത് തന്റെ പട്ടി വരുമെന്നായിരുന്നു നിവിന്റെ മറുപടിയെന്നും പത്ത് മണിയാകാതെ വരില്ലെന്ന് പറഞ്ഞ് പോയെന്നും ധ്യാന്‍ പറയുന്നു. എന്നാല്‍ പിറ്റേ ദിവസം ആറേ കാലായപ്പോഴേക്കും നിവിന്‍ സെറ്റിലുണ്ടായിരുന്നെന്നും എല്ലാവരെയും കറക്ടായി മാനേജ് ചെയ്യാന്‍ സാധിക്കുന്ന സംവിധായകന്റെ കഴിവാണ് അതെന്നും താരം പറഞ്ഞു. ഡിറ്റക്ടീവ് ഉജ്ജ്വലന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ വാഗമണ്ണിലായിരുന്നു. ഞാന്‍, പ്രണവ്, ബേസില്‍, അജു അങ്ങനെ എല്ലാവരുടെയും പോര്‍ഷന്‍സ് എടുത്തു തുടങ്ങിയതിന് ശേഷമാണ് നിവിന്‍ സെറ്റിലേക്കെത്തിയത്. ആദ്യത്തെ ദിവസം കുറച്ച് മാത്രമേ ഷൂട്ട് ചെയ്തുള്ളൂ. അങ്ങനെ അന്നത്തെ ഷൂട്ട് തീര്‍ന്നപ്പോള്‍ നിവിന്‍ എന്റെയടുത്ത് വന്നിട്ട് ‘നാളെ ഞാന്‍ എപ്പോള്‍ വരണം’ എന്ന് ചോദിച്ചു.
‘ആറരക്കാണ് ഷൂട്ട്, ആറ് മണിക്ക് എത്തേണ്ടി വരും’ എന്ന് ഞാന്‍ പറഞ്ഞു. ‘ആറ് മണിക്കൊക്കെ എന്റെ പട്ടി വരും, പത്ത് മണിയാകാതെ ഞാന്‍ വരില്ല’ എന്നായിരുന്നു പുള്ളിക്കാരന്‍ പറഞ്ഞത്. പിറ്റേന്ന് ഞാന്‍ നോക്കിയപ്പോള്‍ ആറേ കാലിന് നിവിന്‍ സെറ്റിലെത്തിയിട്ടുണ്ട്. എല്ലാവരെയും വരച്ചവരയില്‍ നിര്‍ത്താന്‍ കഴിവുള്ള ഡയറക്ടറുടെ മിടുക്കാണത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan shares the shooting experience with Nivin Pauly in Varshangalkku Sesham movie