| Friday, 6th June 2025, 7:48 am

എല്ലാ ആഴ്ചയും എന്റെ പടങ്ങളുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ അതെല്ലാം ഹിറ്റാണോയെന്ന് അയാള്‍ എന്നോട് ചോദിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച ധ്യാന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ഒരുക്കിയ ലവ് ആക്ഷന്‍ ഡ്രാമ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചാണ് ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമക്ക് ശേഷം തന്നെത്തേടി തമിഴില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. എല്ലാ ആഴ്ചയും അയാള്‍ സ്‌ക്രിപ്റ്റിന്റെ ഡിസ്‌കഷന് വേണ്ടി എറണാകുളത്ത് വരാറുണ്ടായിരുന്നെന്നും ആ സമയത്തെല്ലാം തന്റെ ഓരോ സിനിമയുടെയും പോസ്റ്ററുകള്‍ കാണുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

എല്ലാ ആഴ്ചയും ഓരോ റിലീസ് കണ്ടപ്പോള്‍ താന്‍ ഇവിടത്തെ വലിയ നടനാണെന്ന് തെറ്റിദ്ധരിച്ചെന്നും ഒരുപാട് സിനിമകള്‍ ചെയ്യുന്നതുകൊണ്ട് അതെല്ലാം ഹിറ്റാണോ എന്ന് ചോദിച്ചെന്നും ധ്യാന്‍ പറയുന്നു. അയാളെ കുറ്റം പറയാനാകില്ലെന്നും ആരായാലും അങ്ങനെയേ ചിന്തിക്കുള്ളൂവെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്തതിന് ശേഷം എനിക്ക് തമിഴില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു. അങ്ങനെ കഥയുടെ കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യാന്‍ വേണ്ടി ആ പടത്തിന്റെ ആള്‍ക്കാര്‍ എല്ലാ ആഴ്ചയും എന്നെ കാണാന്‍ എറണാകുളത്തേക്ക് വരാറുണ്ടായിരുന്നു. അങ്ങനെ ഇവര്‍ ഓരോ തവണ വരുമ്പോഴും എന്റെ ഓരോ പടത്തിന്റെ പോസ്റ്ററാണ് കണ്ടത്.

ഓരോ ആഴ്ചയും പുതിയ പുതിയ പടം ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ ഇവിടത്തെ വലിയ നടനാണെന്ന് അവര്‍ ചിന്തിച്ചു. അതിലൊരു പുള്ളി എന്നോട് ‘നിങ്ങള്‍ക്ക് എല്ലാ ആഴ്ചയും സിനിമകളുണ്ടല്ലോ, എല്ലാം ഹിറ്റാണോ’ എന്ന് ചോദിച്ചു. എനിക്ക് സത്യം പറയാന്‍ പറ്റൂലല്ലോ. അവര്‍ക്ക് ബാക്കിയൊന്നും അറിയില്ല. എല്ലാം ഹിറ്റാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. സത്യമെന്താണെന്ന് നമുക്കല്ലേ അറിയുള്ളൂ,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. മിന്നല്‍ മുരളി നിര്‍മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്റെ നിര്‍മാതാക്കള്‍. മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക് യൂണിവേഴ്‌സിന് ഈ ചിത്രത്തിലൂടെ തുടക്കം കുറിച്ചു. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍. ജി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍.

Content Highlight: Dhyan Sreenivasan shares the funny incident with Tamil directors who approached him after Varshangalkku Sesham movie

We use cookies to give you the best possible experience. Learn more