അമ്മയെ വേദനിപ്പിച്ചാല്‍ എന്റെ സ്വഭാവം മാറും, അന്നയാളെ കോളറിന് പിടിച്ച് വെളിയിലിട്ടു, അവസാനം അമ്മയെ തന്നെ ചീത്ത പറഞ്ഞു: ധ്യന്‍ ശ്രീനീവാസന്‍
Malayalam Cinema
അമ്മയെ വേദനിപ്പിച്ചാല്‍ എന്റെ സ്വഭാവം മാറും, അന്നയാളെ കോളറിന് പിടിച്ച് വെളിയിലിട്ടു, അവസാനം അമ്മയെ തന്നെ ചീത്ത പറഞ്ഞു: ധ്യന്‍ ശ്രീനീവാസന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 10th June 2026, 8:45 pm

2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിലെ അതുല്യ കലാകാരന്‍ ശ്രീനിവാസന്റെ മകനെന്ന ലേബലില്‍ നിന്നും മാറി മലയാളത്തില്‍ സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ കുറഞ്ഞ കാലയളവില്‍ തന്നെ ധ്യാനിന് സാധിച്ചിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായും ധ്യാന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ പരാജയ ചിത്രങ്ങളായിരുന്നു ധ്യാനിന്റെതായി പുറത്തുവന്നത്.

ഈ ചിത്രങ്ങളുമായെല്ലാം ബന്ധപ്പെട്ട് പുറത്തിറങ്ങിയ അഭിമുഖങ്ങളിലൂടെ താരം വലിയ രീതിയില്‍ ജനപ്രീതി നേടിയെടുത്തിരുന്നു. ലക്ഷകണക്കിനാളുകളാണ് താരത്തിന്റെ അഭിമുഖങ്ങള്‍ യൂട്യൂബിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും കണ്ടിരുന്നത്. ഇതുവഴി ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന വിളിപ്പേരും ധ്യാനിന് സ്വന്തമായിരുന്നു. ഇത്തരത്തില്‍ മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തന്റെ അമ്മ വിമല ശ്രീനിവാസനെ കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ധ്യന്‍ ശ്രീനീവാസന്‍. Photo: The News Minute

‘വീട്ടില്‍ നമ്മളെയൊക്കെ ആരെങ്കിലും കാണാനായി വന്നാല്‍ ആരാ എന്താ എന്നറിയാന്‍ അമ്മ വാതിലിന്റെ സൈഡിലെല്ലാം വന്ന് നോക്കി നില്‍ക്കും. ഒരിക്കല്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ എന്നെ കാണാന്‍ വേണ്ടി വന്നു. വീട്ടിലെ ഹാളിലാണ് വന്നിരുന്നത്. എന്താണ് ഞാനിവരുമായിട്ട് സംസാരിക്കുന്നത് എന്നറിയാന്‍ വേണ്ടി അമ്മ അങ്ങോട്ടേയ്ക്ക് ചായ വേണോ എന്ന് ചോദിച്ചുകൊണ്ട് കയറി വന്നു. ഒരു കൗതുകത്തിന്റെ പുറത്താണ് വരുന്നത്.

വന്ന ആള്‍ എന്റെ മാമന്റെ അഥവാ അമ്മയുടെ സഹോദരന്റെ പരിചയക്കാരനായിരുന്നു. മാമന്‍, കഥ പറയുമ്പോള്‍, അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ചെയ്ത ആളാണ്. അവര്‍ പരിചയക്കാരാണെന്ന് എനിക്കറിയില്ലായിരുന്നു. ഇയാള്‍ അമ്മയോട് മാമന്റെ കഴിഞ്ഞ പടം പരാജയപ്പെട്ടതിനെ കുറിച്ചും അതില്‍ ഇയാള്‍ക്കുണ്ടായ നഷ്ടത്തെ കുറിച്ചുമെല്ലാം പറയാന്‍ തുടങ്ങി. അമ്മയ്ക്ക് മാമനെന്നാല്‍ സ്വന്തം മകനെ പോലെയാണ്. കുറച്ച് കഴിഞ്ഞ അമ്മ കണ്ണെല്ലാം നിറഞ്ഞ് അകത്തേക്ക് കയറിപ്പോയി.

അതുകണ്ടിട്ട് ഞാനയളോട് ശ്രീനിവാസന്റെ വീട്ടില്‍ വന്നിട്ട് ചെറ്റ വര്‍ത്തമാനം പറയരുതെന്ന് പറഞ്ഞ് അയാളുടെ കോളറിന് പിടിച്ച് വീടിന്റെ വെളിയിലേക്ക് കൊണ്ടുപോയി. വീടിന്റെ പുറത്തുണ്ടായിരുന്ന ജോലിക്കാരെയെല്ലാം വിളിച്ചിട്ട് അടിച്ച് ഇവന്റെ കാല് തല്ലിയൊടിക്കണം എന്റെ അമ്മയെ ഇവന്‍ കരയിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞു. രാത്രിയായാല്‍ ഞാന്‍ രണ്ട് പെഗെല്ലാം കൊടുക്കുന്ന ജോലിക്കാരാണ്, അവരെല്ലാവരും അടിക്കാന്‍ തയ്യാറായിട്ട് നില്‍ക്കുകയായിരുന്നു. അമ്മയുടെ കണ്ണെല്ലാം നിറയുന്നത് കണ്ടിട്ട് ഞാന്‍ വളരെയധികം ദേഷ്യത്തില്‍ നില്‍ക്കുകയായിരുന്നു,

ധ്യാനും കുടുംബവും. Photo: Mathrubhumi

അയാള്‍ അങ്ങനെ പറഞ്ഞതല്ലെന്ന് പറഞ്ഞ് മാപ്പെല്ലാം പറയാന്‍ തുടങ്ങി. ഈ ബഹളമെല്ലാം കേട്ട് അമ്മ ഉള്ളില്‍ നിന്നും എന്താ പ്രശ്‌നം എന്ന് ചോദിച്ച് ഓടി വന്നു. നീ ഓരോ ചായയും ചൂലുമായി വന്നിട്ട് നീ കേറി പോടി അകത്ത് എന്ന് അമ്മയെ ചീത്ത വിളിക്കുകയാണ് ഞാന്‍ ചെയ്തത്. അത്രയും നേരം ഞാന്‍ പറഞ്ഞത് എന്റെ അമ്മയെ നീ കരയിപ്പിച്ചില്ലേടാ എന്നാണ്. ആ അമ്മയെ കൂടെ ഞാന്‍ ചീത്ത പറഞ്ഞപ്പോള്‍ ഇവന്‍ സൈക്കോ ആണോ എന്ന് അയാള്‍ക്ക് തോന്നിയിട്ടുണ്ടാകും. അത് കേട്ട് അമ്മ അയാളോട് പറഞ്ഞു മോനേ പെട്ടന്ന് പൊയ്‌ക്കോ ഇവന് പ്രാന്താണ് എന്ന്,’ ധ്യാന്‍ ചിരിയോടെ പറഞ്ഞു.

Content Highlight: Dhyan Sreenivasan shares interesting memory about his mother

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.