| Wednesday, 2nd July 2025, 12:37 pm

മദ്യപാനം നിര്‍ത്തിയതിന് ശേഷം അവരാരും എന്നെ വിളിക്കാതായി, വെള്ളമടിക്ക് വേണ്ടി മാത്രം ഒത്തുകൂടുന്നവരായിരുന്നു ആ സംഘം: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ജീവിതത്തില്‍ ലഹരി ഉപയോഗം കുറച്ചതിന് ശേഷമുള്ള അനുഭവം പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ജീവിതത്തില്‍ അടക്കവും ഒതുക്കവും വന്നെന്നും പഴയതുപോലെ ഇഷ്ടത്തിന് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ തോന്നാറില്ലെന്ന് താരം പറഞ്ഞു. മദ്യപാനം നിര്‍ത്തിയതിന് ശേഷം പണ്ട് എല്ലായ്‌പ്പോഴും വിളിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കള്‍ തന്നെ വിളിക്കാതായെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

മദ്യപിക്കാന്‍ വേണ്ടി മാത്രമായിരുന്നു അവരെല്ലാം വിളിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസിലായെന്നും മദ്യപിക്കാത്ത താന്‍ അവരുടെ കൂടെ കൂടിയാല്‍ എന്ത് ചെയ്യുമെന്ന ചിന്തയിലാകാം അവര്‍ വിളിക്കാത്തതെന്നും താരം പറയുന്നു. സിനിമയിലെത്തുന്നതിന് മുമ്പായിരുന്നു താന്‍ ലഹരി ഉപയോഗം ആരംഭിച്ചതെന്നും ആ സമയത്ത് ലഭിച്ച സ്വാതന്ത്ര്യം കാരണമാണ് അതെല്ലാം തുടങ്ങിയതെന്നും ധ്യാന്‍ പറഞ്ഞു.

ലഹരി ഉപയോഗിച്ചതിന് ശേഷം ലഭിച്ച തിരിച്ചടികളാണ് അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും അത് മറ്റുള്ളവരുടെ നിര്‍ബന്ധത്തില്‍ ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ഇപ്പോള്‍ കുറച്ചുകാലമായിട്ട് ജീവിതത്തില്‍ കുറച്ച് അടുക്കും ചിട്ടയും കൊണ്ടുവന്നിട്ടുണ്ട്. ലഹരി ഉപയോഗം, അതിപ്പോള്‍ ഏല്ലാതരത്തിലുമുള്ളതും അക്കൂട്ടത്തില്‍ പെടും. അതെല്ലാം കംപ്ലീറ്റായിട്ട് നിര്‍ത്തിയിരിക്കുകയാണ്. ജീവിതത്തില്‍ വലിയ മാറ്റമാണ് അതിന് ശേഷം എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മദ്യപാനം പൂര്‍ണമായും നിര്‍ത്തിയപ്പോള്‍ പണ്ട് വിളിച്ചുകൊണ്ടിരുന്ന പലരും ഇപ്പോള്‍ വിളിക്കാതായി.

എപ്പോള്‍ വിളിച്ചാലും കുപ്പിയെടുക്കാം അടിക്കാം എന്ന് പറയുന്ന ഗ്യാങ്ങായിരുന്നു. അവരിപ്പോള്‍ തീരെ വിളിക്കുന്നില്ല. അവര്‍ നോക്കുമ്പോള്‍ ഞാന്‍ മാത്രം അവരുടെ ഇടയില്‍ വെള്ളമടിക്കാതെ ഇരിക്കുന്നത് ശരിയല്ലെന്ന ചിന്തയിലാകാം എന്നെ ഒഴിവാക്കിയത്. എനിക്ക് ആ കാര്യത്തില്‍ ഒട്ടും വിഷമമില്ല. ലഹരിയുടെ ഉപയോഗം സിനിമയിലെത്തുന്നതിന് മുമ്പ് തുടങ്ങിയ ആളാണ് ഞാന്‍.

ആ സമയത്ത് എന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. ആ ഒരു ഫ്രീഡത്തിലും അപ്പോഴത്തെ പ്രായത്തിലും നമ്മള്‍ ചെയ്യുന്ന കാര്യമാണത്. എനിക്ക് അതിലൂടെ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ലഹരി ഉപയോഗം നിര്‍ത്തി. ആരെങ്കിലും നിര്‍ബന്ധിച്ച് നിര്‍ത്താന്‍ നോക്കിയാല്‍ അത് എഫക്ടീവാകില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan shares his life condition after quitting drugs

We use cookies to give you the best possible experience. Learn more