| Wednesday, 25th June 2025, 7:53 am

ആ സിനിമ പോലൊന്ന് ലാലേട്ടനെ വെച്ച് ചെയ്യണം; അതിനുള്ള ആലോചന നടക്കുകയാണ്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തിന്റെ ആലോചന മാത്രമേ നടക്കുന്നുവെന്നും എന്നാല്‍ ഛോട്ടാ മുംബൈ പോലൊരു സെലിബ്രേഷന്‍ സിനിമ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

മോഹന്‍ലാലിനെ വെച്ച് ത്രില്ലര്‍ ഴോണറില്‍ എമ്പുരാന്‍, തുടരും പോലുള്ള സിനിമകള്‍ ഇറങ്ങുന്നുണ്ടെന്നും എന്നാല്‍ ഛോട്ടാ മുംബൈ വന്നപ്പോഴാണ് ആളുകള്‍ ആഘോഷിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ലാലേട്ടനെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. സത്യത്തില്‍ ആലോചന മാത്രം നടക്കുന്നേയുള്ളൂ. ഞാന്‍ ആലോചിക്കുന്നത് ഛോട്ടാ മുംബൈ പോലൊരു സിനിമയാണ്. ഒരുപാട് മുന്നേ ആലോചിച്ചൊരു കഥ ഉണ്ടായിരുന്നു. എല്ലാം ആഗ്രഹങ്ങള്‍ ആണല്ലോ, എന്റെ ആഗ്രഹത്തില്‍ ആ സിനിമ ലാലേട്ടനെയോ മമ്മൂക്കയെയോ വെച്ച് ചെയ്യണമെന്നാണെന്ന്. എല്ലാം എന്റെ ആഗ്രഹം മാത്രമാണേ.

ത്രില്ലറില്‍ ഇപ്പോള്‍ ലാല്‍ സാറിന്റെ എമ്പുരാന്‍, തുടരും ഒക്കെ വരുന്നുണ്ട്. പക്ഷെ ഛോട്ടാ മുംബൈ വരുമ്പോള്‍ ഇവിടെ ആളുകള്‍ക്കിടയില്‍ സെലിബ്രേഷനാണ്. മോഹന്‍ലാല്‍ എന്ന നടനെ എല്ലാവരും ആഘോഷിക്കുകയാണ്.

ഔട്ട് ആന്‍ഡ് ഔട്ട് സെലിബ്രേഷനുള്ള ഛോട്ടാ മുംബൈ പോലൊരു സിനിമ വരണം. ആ സിനിമ കാണണം എന്ന് എനിക്കും നിഷാദിനും ആലോചനയുണ്ട്. എന്റെ ടൈപ്പ് ഓഫ് വേള്‍ഡിലുള്ള തമാശയില്‍ പുള്ളിയെ കാണാന്‍ ആഗ്രഹം ഉണ്ട്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

ഛോട്ടാ മുംബൈ

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. മണിയന്‍പിള്ള രാജുവാണ് സിനിമ നിര്‍മിച്ചത്. 4k സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.

Content Highlight: Dhyan Sreenivasan says he wished to do a film with Mohanlal

We use cookies to give you the best possible experience. Learn more