| Wednesday, 15th January 2025, 6:26 pm

അവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തല്ലിപ്പൊളിയാണ് ചെയ്യരുതെന്നാണ് ഞാന്‍ പറഞ്ഞത്: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

തന്നെ സംബന്ധിച്ച് സിനിമയെന്നാല്‍ സൗഹൃദങ്ങളാണെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയില്‍ വന്നിട്ട് പത്ത് വര്‍ഷത്തിന് മുകളിലായെന്നും ഇതുവരെ ഒരു സിനിമയും കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്തിട്ടില്ലെന്ന് ധ്യാന്‍ പറയുന്നു. ആദ്യത്തെ സിനിമയായ തിരയുടെ കഥ മൊത്തമായും തനിക്ക് അറിയില്ലായിരുന്നു എന്നും വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ കഥ കേട്ടിട്ടല്ല കമ്മിറ്റ് ചെയ്തതെന്നും ധ്യാന്‍ പറഞ്ഞു.

ഒരു സുഹൃത്ത് തന്റെ അടുത്ത് വന്ന കഥ പറഞ്ഞാല്‍ ഈ പടം പൊട്ടുമെന്നും എന്നാലും താന്‍ ചെയ്യാമെന്നാണ് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ ഭഗത് ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ തന്റെ അടുത്ത് വന്ന് പറഞ്ഞെന്നും അപ്പോള്‍ തന്നെ തല്ലിപ്പൊളിയാണെന്നും ചെയ്യരുതെന്ന് പറഞ്ഞെന്നും ധ്യാന്‍ പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ഞാന്‍ കഴിഞ്ഞൊരു പത്ത് വര്‍ഷം മുതല്‍ ഇന്നേവരെ കഥ ഇഷ്ടപ്പെട്ടിട്ടോ ഒന്നുമല്ല ഒരു സിനിമ ചെയ്യുന്നത്. 2013ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആദ്യ സിനിമയായ തിരയുടെ കഥപോലും എനിക്ക് മൊത്തമായും അറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ കഥ കേട്ടിട്ടല്ല ഞാന്‍ കമ്മിറ്റ് ചെയ്തത്. എനിക്കെന്താ കഥാപാത്രം എന്ന് പോലും അറിയില്ലായിരുന്നു.പക്ഷെ എന്റെ ചേട്ടന്റെ പടം, ഞാന്‍ പോയി ചെയ്യും. ബേസിലിന്റെ പടം, ഞാന്‍ പോയി ചെയ്യും.

എന്റെ ഒരു സുഹൃത്ത് അസ്സോസിയേറ്റ് ചെയ്യുന്ന പടത്തിലേക്ക് വിളിച്ചാല്‍ ഞാന്‍ പോയി ചെയ്യും. അത്രേ ഉള്ളു. എനിക്ക് സിനിമ എന്ന് പറയുമ്പോള്‍ അത് സൗഹൃദങ്ങളാണ്.

എന്റെ ഒരു സുഹൃത്ത് എന്റെ അടുത്ത് കഥയുമായി വന്നാല്‍ ഞാന്‍ ആദ്യം അവന്റെ അടുത്ത് പറയുന്നത് ‘ഇത് ഓടുലാ, പക്ഷെ നിനക്ക് വേണ്ടി ഞാന്‍ ചെയ്യും’ എന്നാണ്.

ഭഗത് എന്റെ അടുത്ത് അവന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ വന്ന് പറഞ്ഞു. ഇത് തല്ലിപ്പൊളിയാണ് ചെയ്യരുതെന്ന് ഞാന്‍ അവനോട് അപ്പോള്‍ തന്നെ പറഞ്ഞു. അത് അവന്‍ റീവര്‍ക്ക് ചെയ്ത് അവന്‍ സിനിമ എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan says for  him cinema is friendship

We use cookies to give you the best possible experience. Learn more