2026ന്റെ ആദ്യ പകുതിയില്‍ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ വലിയ പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത് മെയ് 14ന് തിയേറ്ററുകളിലെത്തിയ അതിരടി. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ മൂഡിലൊരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കുകയും അമ്പത് കോടിയിലധികം കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രം ദൃശ്യം 3 മെയ് 21ന് തിയേറ്ററുകളിലെത്തിയതോടെ അതിരടിയ്ക്ക് കേരളത്തിലെ തിയേറ്ററുകളില്‍ ഷോകള്‍ കുറയുകയും കളക്ഷനില്‍ ഗണ്യമായ കുറവ് സംഭവിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ചിത്രം കഴിഞ്ഞയാഴ്ച്ച ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവ് വഴിയായിരുന്നു ചിത്രം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിലെ പല രംഗങ്ങളും കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയിലും സിനിമാ പേജുകളിലും ചര്‍ച്ചയായിരുന്നു. സാംബോയ് എന്ന കഥാപാത്രമായി ബേസില്‍ ജോസഫും ഗായകഗുണ്ടയായ ശ്രീക്കുട്ടനായി ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തിയപ്പോള്‍ സ്വന്തം ഐഡിന്റിറ്റിയില്‍ തന്നെയായിരുന്നു വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
കോളേജില്‍ പാടാതിരിക്കാനായി കിഡ്‌നാപ്പ് ചെയ്ത വിനീതിനെ കുട്ടന്‍ തന്റെ വീട്ടിലാണ് തടവില്‍ വെക്കുന്നത്. ഇവിടെ വെച്ച് ശ്രീനിവാസന്റെ മകന്‍ വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ സുഖമില്ലാതെ കിടക്കുന്ന കുട്ടന്റെ അച്ഛന്‍ ഏത് മകനാണെന്ന് ചോദിക്കുന്ന രംഗമാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നത്. ആ ഇന്റര്‍വ്യൂ എല്ലാം കൊടുക്കുന്ന പയ്യനാണോ എന്നാണ് വിനീത് ശ്രീനിവാസനെ മുന്നിലിരുത്തി ചോദിക്കുന്നത്. അല്ലെന്നും മൂത്ത മകനാണെന്നും പറയുമ്പോള്‍ വൃദ്ധന്റെ മുഖത്തുണ്ടാകുന്ന നിരാശയും പുച്ഛവും തുടര്‍ന്ന്, വിനീതിന്റെ മുഖത്തുണ്ടാകുന്ന സങ്കടവും സംവിധായകന്‍ കൃത്യമായി തന്നെ അവതരിപ്പിക്കുന്നുണ്ട്.
രംഗം പങ്കുവെച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ധ്യാന്‍കുട്ടന്റെ ഫാന്‍പവര്‍ തെളിയിക്കുന്ന രംഗമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പലരും സീന്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരാജയ ചിത്രങ്ങള്‍ മാത്രമാണ് ധ്യാന്‍ ചെയ്തതെങ്കിലും ഇവയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലൂടെ ധ്യാന്‍ ജനപ്രീതി നേടുകയായിരുന്നു. തമാശയ്ക്കായി ഉള്‍പ്പെടുത്തിയ ഒട്ടനവധി സെല്‍ഫ് ട്രോളുകളാല്‍ സമ്പന്നമാണ് അതിരടി.
Content Highlight: Dhyan sreenivasan’s performance in Athiradi movie goes viral on Social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.