| Monday, 19th May 2025, 5:13 pm

ഷൂട്ടിനിടയില്‍ ആറ് ദിവസം ഗ്യാപ്പ് കിട്ടിയപ്പോള്‍ ആ സിനിമയില്‍ അഭിനയിച്ചു, മേലില്‍ ഇമ്മാതിരി പണി കാണിക്കരുതെന്ന് ഏട്ടന്‍ പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയോളം കളക്ഷന്‍ സ്വന്തമാക്കി. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.

ചിത്രത്തില്‍ താനാണ് ലീഡ് റോളെന്ന് ഒരിക്കല്‍ പോലും വിചാരിച്ചില്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീതിന്റെ സിനിമയില്‍ ചാന്‍സ് ചോദിക്കാറില്ലെന്നും ചോദിച്ചാല്‍ തരില്ലെന്ന് ഉറപ്പാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. എന്നാല്‍ തന്നെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ പോലും പ്രണവ് മോഹന്‍ലാലാണ് മെയിന്‍ ലീഡെന്ന് കരുതിയെന്നും താനാണ് ലീഡെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ഷെഡ്യൂളായിട്ടാണ് സിനിമ ഷൂട്ട് ചെയ്തതെന്ന് ധ്യാന്‍ പറയുന്നു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ആറ് ദിവസം ബ്രേക്ക് കിട്ടിയപ്പോള്‍ താന്‍ മച്ചാന്റെ മാലാഖ എന്ന സിനിമയില്‍ അഭിനയിച്ചെന്നും അതറിഞ്ഞ വിനീത് തന്നോട് ദേഷ്യപ്പെട്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഫില്‍മിഹുഡിനോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ഏട്ടനോട് ഞാന്‍ ഒരിക്കലും ചാന്‍സ് ചോദിക്കില്ല, പുള്ളി എനിക്ക് തരില്ല എന്നുള്ളതാണ് സത്യം. അങ്ങനെയിരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേക്ക് എന്നെ വിളിച്ചത്. പ്രണവാണ് ഹീറോ എന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നീടാണ് അറിയുന്നത് ഞാനാണ് മെയിന്‍ ലീഡെന്ന്. എനിക്ക് കൂടുതല്‍ റെസ്‌പോണ്‍സിബിലിറ്റിയായി. ആ സമയത്തും എനിക്ക് പടത്തിന്റെ കഥയൊന്നും അറിയില്ല. പുള്ളി സ്‌ക്രിപ്റ്റ് തന്നെങ്കിലും ഞാന്‍ വായിക്കാന്‍ നിന്നില്ല.

രണ്ട് ഷെഡ്യൂളായിട്ടാണ് പടം ഷൂട്ട് ചെയ്തത്. രണ്ടാമത്തെ ഷെഡ്യൂളിലാണ് വയസായിട്ടുള്ള പോര്‍ഷന്‍ ചെയ്തത്. ആ സമയത്ത് വേറൊരു പടം കമ്മിറ്റ് ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ കണ്ടിന്യൂറ്റി പോകും. അപ്പോള്‍ ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞിട്ട് ആറ് ദിവസം ഗ്യാപ്പ് കിട്ടി. ആ സമയത്ത് ഞാന്‍ പോയി മച്ചാന്റെ മാലാഖ എന്ന പടം ചെയ്തു.

അബാം മൂവീസ് നമുക്ക് വേണ്ടപ്പെട്ടയാള്‍ക്കാരാണ്. ആ ബന്ധത്തിന്റെ പുറത്ത് പോയതാണ്. ഇതിന്റെ ഇടയില്‍ വേറെ പടം ചെയ്തത് ഏട്ടന്‍ അറിഞ്ഞു. പുള്ളിക്ക് അത് ഇഷ്ടപ്പെട്ടില്ല. ‘മേലാല്‍ ഇമ്മാതിരി പണി കാണിക്കരുത്’ എന്ന് പറഞ്ഞ് ഏട്ടന്‍ ദേഷ്യപ്പെട്ടു. അതിന് ശേഷം ഒറ്റ സ്‌ട്രെച്ചില്‍ രണ്ടാമത്തെ ഷെഡ്യൂളും തീര്‍ത്തു,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan about Varshangalkku Sesham movie and Vineeth Sreenivasan

We use cookies to give you the best possible experience. Learn more