| Monday, 9th June 2025, 3:17 pm

കാലുപൊക്കി ചവിട്ടിയ ശേഷം വയ്യാതായെന്ന് പറഞ്ഞ് ആ നടന്‍ റെസ്റ്റെടുക്കാന്‍ പോയി, ആക്ഷന്‍ സീനില്‍ അയാള്‍ ബുദ്ധിമുട്ടുന്നുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

നിവിന്‍ പോളി ആക്ഷന്‍ സീനുകള്‍ ചെയ്യുമ്പോള്‍ പ്രയാസപ്പെടാറുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ നിവിന്റെ പെര്‍ഫോമന്‍സ് താന്‍ കണ്ടിട്ടുണ്ടെന്നും വല്ലാതെ ബുദ്ധമുട്ടിയാണ് അതെല്ലാം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. വില്ലനെ ചവിട്ടിയ ശേഷം രണ്ട് മിനിറ്റ് റെസ്‌റ്റെടുക്കാന്‍ പോകാറുണ്ടെന്നും ഓരോ സീക്വന്‍സിലും ഇങ്ങനെ രണ്ട് മിനിറ്റ് വെച്ച് വിശ്രമിക്കാറുണ്ടെന്നും ധ്യാന്‍ പറയുന്നു.

ലവ് ആക്ഷന്‍ ഡ്രാമ ചെയ്യുന്ന സമയത്ത് ഫിറ്റാണെന്ന് തോന്നിയെങ്കിലും അദ്ദേഹം ഫിറ്റല്ലായിരുന്നെന്നും താരം പറഞ്ഞു. ശരീരം നോക്കുമ്പോള്‍ ഫിറ്റായി തോന്നുമെന്നും എന്നാല്‍ ആന്തരികമായി ഫിറ്റല്ലെന്ന് തോന്നിയെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ഫൈറ്റ് എടുത്ത ശേഷം ക്ഷീണിച്ച് കുറച്ച് വിശ്രമിച്ചിട്ട് വരാമെന്ന് പറയുമെന്നും പിന്നീട് വന്നിട്ട് ബാക്കി ഷൂട്ട് ചെയ്യുമെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ആക്ഷന്‍ സീന്‍ ചെയ്യുന്ന സമയത്ത് നിവിന്‍ ചേട്ടന്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയില്‍ ഫൈറ്റ് സീന്‍ ഡയറക്ട് ചെയ്യുന്ന സമയത്ത് പുള്ളിയുടെ ബുദ്ധിമുട്ട് നേരിട്ട് കണ്ടിട്ടുണ്ട്. കാല് പൊക്കി ചവിട്ടിയ ശേഷം വയ്യാതായെന്ന് പറഞ്ഞ് രണ്ട് മിനിറ്റ് റെസ്റ്റെടുക്കാന്‍ പോകും. അങ്ങനെ രണ്ട് മിനിറ്റ് വീതം റെസ്‌റ്റെടുത്തിട്ടാണ് നിവിന്‍ ചേട്ടന്‍ ആ പടം കംപ്ലീറ്റാക്കിയത്.

ആ സിനിമയുടെ സമയത്ത് ഞാന്‍ കണ്ടപ്പോള്‍ ഫിറ്റായിരുന്നു, പക്ഷേ ഫിറ്റല്ലായിരുന്നു. അതായത്, പുറത്തുനിന്ന് നോക്കുമ്പോള്‍ ഫിറ്റാണെന്ന് തോന്നും. ആന്തരികമായി പുള്ളി ഫിറ്റല്ലായിരുന്നു. രണ്ട് ആക്ഷന്‍ ചെയ്യുമ്പോഴേക്ക് വയ്യെന്ന് പറഞ്ഞ് നടക്കാന്‍ പോകും. തിരിച്ച് വന്നിട്ട് ബാക്കി ചെയ്യും. ആക്ഷന്‍ സീനുകള്‍ ചെയ്യുന്നത് എളുപ്പമല്ലെന്ന് അന്ന് മനസിലായി,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

2019ല്‍ ഓണം റിലീസായാണ് ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളിലെത്തിയത്. വളരെ സിമ്പിളായിട്ടുള്ള കഥ നിവിന്‍ പോളിയുടെ പെര്‍ഫോമന്‍സിന്റെ ബലത്തില്‍ ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കി. അജു വര്‍ഗീസിന്റെ ഉടമസ്ഥതതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. ഷാന്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

Content Highlight: Dhyan Sreenivasan about Nivin Pauly’s performance in action sequences

We use cookies to give you the best possible experience. Learn more