| Friday, 16th May 2025, 10:07 pm

ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന് നിവിന്‍; നാട് മൊത്തം അപ്പുറത്ത് ആ നടിയുള്ള ലൊക്കേഷനില്‍: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. മെയ് 23 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഒരു നാട്ടില്‍ അരങ്ങേറുന്ന ദുരൂഹതകളുടെ ചുരുളഴിക്കാനെത്തുന്ന ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്.

പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ട് നടന്നത്. കുഞ്ഞിരാമായണം ഷൂട്ട് ചെയ്ത കവലയിലായിരുന്നു ഷൂട്ടെന്നും പാലക്കാടുകാരെ സംബന്ധിച്ച് സിനിമാ ഷൂട്ടിങ് എന്ന് പറയുന്നതൊന്നും വലിയ കാര്യമല്ലെന്നും ധ്യാന്‍ പറയുന്നു.

ഒപ്പം താനും നിവിനും ഒന്നിച്ചഭിനയിച്ച മലയാളി ഫ്രം ഇന്ത്യയുടെ ഷൂട്ടിങ് വേളയിലുണ്ടായ ഒരു കഥയും എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ ധ്യാന്‍ പങ്കുവെക്കുന്നുണ്ട്.

‘പാലക്കാട് കുഞ്ഞിരാമായണം ഷൂട്ട് ചെയ്ത കവലയായിരുന്നു നമ്മുടെ മെയിന്‍ കവല. അവിടെയുള്ളവര്‍ ഈ ഷൂട്ട് കണ്ട് കണ്ട് ഇതില്‍ ഒരു കൗതുകവും ഇല്ലാത്ത ആള്‍ക്കാരാണ്.

അവര്‍ സ്ഥിരമായി ഇത് കാണുകയാണല്ലോ. ഏറ്റവും കൂടുതല്‍ സിനിമാ ഷൂട്ടിങ് നടക്കുന്ന സ്ഥലാണ് പാലക്കാട്. അതുകൊണ്ട് നാട്ടുകാര്‍ക്ക് വലിയ കൗതുകമൊന്നും ഉണ്ടായിരുന്നില്ല.

അതോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒരു കഥയുണ്ട്. ഞാനും നിവിന്‍ പോളിയും പാലക്കാട് മലയാളി ഫ്രം ഇന്ത്യ ഷൂട്ട് ചെയ്യുകയാണ്. പാലക്കാട് ചുറ്റുവട്ടത്തായാണ് ഷൂട്ട്.

നിവിന്‍ പോളി വന്നിരിക്കുന്നു, ധ്യാന്‍ ശ്രീനിവാസന്‍ വന്നിരിക്കുന്നു, എന്നിട്ടും ഒരു മനുഷ്യനില്ല ഷൂട്ടിങ് കാണാന്‍. ഒരാള് പോലുമില്ല. നിവിന്‍ എന്നോട് ഇതെന്താടാ ഒരാളും വരാത്തത് എന്നൊക്കെ ചോദിക്കുന്നുണ്ട്.

അതിനിടയിലാണെങ്കില്‍ തൊഴിലുറപ്പിനൊക്കെ പോകുന്ന സ്ത്രീകള്‍ മോനെ, എന്നൊക്കെ വിളിച്ച് എന്നോട് സംസാരിക്കാന്‍ വരുന്നുണ്ട്. നിവിന്‍ പോളിയെ ഇവര്‍ക്ക് അറിയില്ല.

സംഭവം ഞാന്‍ അന്ന് ഏഷ്യാനെറ്റില്‍ കുക്ക് വിത്ത് കോമഡി എന്നൊരു പരിപാടി ചെയ്യുന്നുണ്ട്. എന്നെ അതില്‍ കണ്ട പരിചയം ഇവര്‍ക്കുണ്ട്.
ഈ തെണ്ടിയെ അറിയാം ഇത്രയും ഫേമസായ എന്നെ അറിയില്ലേ എന്നായി നിവിന്‍.

നമ്മളെ കാണാന്‍ ഒരു മനുഷ്യന്‍ പോലുമില്ല. ഷൂട്ട് നടക്കുന്നതുകാണാന്‍ ആരും വരുന്നില്ല. അപ്പുറത്ത് ഒരു ലൊക്കേഷനില്‍ എബ്രിഡ് ഷൈന്‍ ചേട്ടന്‍ ഉണ്ട്.

അദ്ദേഹം ഒരു പടം പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. അവിടെ ഭയങ്കര ജനത്തിരക്കാണ്. തിരക്കെന്ന് പറഞ്ഞാല്‍ ഭയങ്കര തിരക്ക്. നാടുമൊത്തം അവിടെയാണ്. സംഭവം ഹണി അവിടെയുണ്ട്. ഹണിയെ കാണാന്‍ മുഴുവന്‍ ആള്‍ക്കാരും അവിടെയാണ്.

അവസാനം ഞാനും നിവിന്‍ ചേട്ടനും വൈകീട്ട് ഒന്ന് നമുക്കും ഒന്ന് പോയാലോ എന്നായി’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan sreenivasan about Nivin pauly and palakkad shoot

We use cookies to give you the best possible experience. Learn more