| Tuesday, 21st January 2025, 10:13 am

ആ നടി അന്നെന്നെ എടുത്ത് നടന്നിട്ടുണ്ട്, ചേച്ചിയെ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ചെറുപ്പത്തിൽ പോയിട്ടുള്ള സിനിമ ലൊക്കേഷനുകളെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ. തലശ്ശേരിയിൽ ആയിരുന്നപ്പോൾ അച്ഛന്റെ സിനിമ കാണാൻ മാത്രമേ കുടുംബം തിയേറ്ററിൽ പോകാറുള്ളുവെന്നും മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസൻ്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യമാണെന്നാണ് ‘അമ്മ പറയാറെന്നും ധ്യാൻ പറയുന്നു.

ചെറുപ്പത്തിൽ ചമ്പക്കുളം തച്ചൻ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിട്ടുണ്ടെന്നും അന്ന് നടി മോനിഷ തന്നെ എടുത്ത് നടന്നിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. മോനിഷയെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും വിഷമം തോന്നുമെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘വളരെ കുറച്ചു തവണയേ ഞങ്ങളെ ലൊക്കേഷനിൽ കൊണ്ടുപോയിട്ടുള്ളൂ. പോയാലും കൂടുതൽ സമയവും ഹോട്ടൽമുറിയിൽ തന്നെയായിരിക്കും. അച്ഛനെ ഒ‌രുതരത്തിലും ബുദ്ധിമുട്ടിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. തലശ്ശേരിയിൽ ഉണ്ടായിരുന്ന സമയത്ത് അമ്മയും ചേട്ടനും ഞാനും സിനിമയ്ക്ക് പോകും അച്ഛന്റെ സിനിമ കാണാൻ മാത്രമേ തിയേറ്ററിൽ പോകാറുള്ളൂവെന്നു മാത്രം.

അച്ഛന് പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസൻ്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം. അതായിരുന്നു അമ്മയുടെ മനോഭാവം. അച്ഛനാണ് അമ്മയുടെ ലോകം.

‘ചമ്പക്കുളം തച്ചൻ’ സിനിമയുടെ ഷൂട്ടിങ് ആലപ്പുഴയിൽ നടക്കുമ്പോൾ ആ സെറ്റിൽ പോയിട്ടുണ്ട്. എനിക്കന്ന് മുന്നോ നാലോ വയസേയുള്ളൂ. അന്നു മോനിഷ ചേച്ചി എന്നെ എടുത്തുകൊണ്ടു നടന്നത് നേരിയ ഓർമയുണ്ട്. ഇപ്പോഴും ചേച്ചിയെ ഓർക്കുമ്പോൾ സങ്കടം വരും,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan About Monisha

We use cookies to give you the best possible experience. Learn more