താരകുടുംബത്തില്‍ നിന്ന് വന്ന് മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിനേതാവായി കരിയറാരംഭിച്ച ധ്യാന്‍ തിരക്കഥാരചനയിലും സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമകളെക്കാള്‍ അഭിമുഖങ്ങള്‍ ഹിറ്റാക്കുന്നു എന്ന വിശേഷണം ധ്യാനിന് ട്രോളന്മാര്‍ ചാര്‍ത്തിയിട്ടുണ്ട്.
പറയാനുള്ള കാര്യം യാതൊരു മടിയുമില്ലാതെ പറയുന്നതാണ് ധ്യാനിനെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാക്കുന്നത്. എല്ലാ വിഷയത്തെയും തമാശയുടെ മേമ്പൊടിയോടുകൂടി അവതരിപ്പിക്കുന്നതും താരത്തിന്റെ പ്രത്യേകതകളിലൊന്നാണ്. അത്തരത്തില്‍ ധ്യാന്‍ ഇന്ന് നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ധ്യാന്‍ ശ്രീനിവാസന്‍ Photo: Screen grab/ Variety Media
പുതിയ ചിത്രമായ വിസിറ്ററിന്റെ സ്വിച്ച് ഓണ്‍ ചടങ്ങിനിടെ നടത്തിയ പ്രസംഗം പലരെയും ചിരിപ്പിച്ചു. A.M.M.A യുടെ പ്രശ്‌നത്തെക്കുറിച്ചും അതില്‍ ഇടപെടുന്നതിനെക്കുറിച്ചുമെല്ലാം ധ്യാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ ചടങ്ങില്‍ പങ്കെടുത്ത ചിലരെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ട്രോള്‍ പേജുകളിലെ ചര്‍ച്ച. മേജര്‍ രവിയെക്കുറിച്ചും ധ്യാന്‍ സംസാരിച്ചു.
‘മേജറങ്കിള്‍ പറഞ്ഞിട്ട് ഈയടുത്ത് ഞാനൊരു പടം കണ്ടിരുന്നു. പുള്ളി തന്നെ അഭിനയിച്ച ഒരു പടമാണത്. സ്പാ എന്നാണ് പേര്. ‘കുടുംബത്തോടൊപ്പമിരുന്ന് കാണണം’ എന്ന് പറഞ്ഞതുകൊണ്ട് അങ്ങനെയാണ് കണ്ടത്. അതില്‍ വളരെ കുറച്ച് സീനാണ് പുള്ളിക്കുള്ളത്. എന്‍ട്രി തന്നെ കിടിലനായിരുന്നു. ഈയടുത്തൊന്നും അങ്ങനെയൊരു എന്‍ട്രി സീന്‍ കണ്ടിട്ടില്ല.
മേജര്‍ രവി Photo: Manorama Max
‘ഇവിടെ മൈനറിന് മസാജില്ല, മേജറിന് മാത്രമേ ഉള്ളൂ’ എന്ന ഡയലോഗ് കഴിഞ്ഞതും ഒരു വെടിയൊച്ചയാണ് കേള്‍ക്കുന്നത്. തൊട്ടടുത്ത ഷോട്ടില്‍ മേജറങ്കിള്‍ സീനിലേക്ക് വരികയാണ്. തിയേറ്ററിലായിരുന്നെങ്കില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചേനെ. അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ആ സിനിമ പഠിപ്പിച്ചു തന്നു. സന്തോഷകരമായ അവസാനത്തെക്കുറിച്ചും സ്പാ സംസാരിക്കുന്നുണ്ട് (ചിരിക്കുന്നു),’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
നവാഗതനായ രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിസിറ്റര്‍. ധ്യാനിന് പുറമെ ഉര്‍വശി, നവ്യ നായര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. അണിയറപ്രവര്‍ത്തകര്‍ക്ക് പുറമെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, മേജര്‍ രവി തുടങ്ങിയവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Dhyan Sreenivasan about Major Ravis’ entry in Spa Movie