| Friday, 27th December 2024, 2:54 pm

നിവിൻ ചിത്രത്തിൽ ഞാൻ പാടിയ ആ ഗാനം എന്നോട് ചോദിക്കാതെ ഷാനിക്ക ഒഴിവാക്കി: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

എന്നാൽ പാട്ടിലൂടെ കരിയർ തുടങ്ങാനാണ് താൻ ശ്രമിച്ചതെന്നും സ്കൂളിലൊക്കെ പഠിക്കുമ്പോൾ വിനീത് ശ്രീനിവാസന്റെ സഹോദരനായതിനാൽ കൂട്ടുകാർ പാട്ടുപാടിപ്പിക്കുമായിരുന്നുവെന്നും ധ്യാൻ പറയുന്നു.

പാടാൻ കഴിയുന്നത് മനസിലാക്കിയപ്പോൾ ഷാൻ റഹ്മാനോടും വിനീതിനോടും അത് പറഞ്ഞെന്നും അങ്ങനെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് തന്നെക്കൊണ്ട് പാടിപ്പിച്ചെന്നും ധ്യാൻ പറഞ്ഞു. എന്നാൽ പിന്നീട് സിനിമ തിയേറ്ററിൽ എത്തിയപ്പോൾ ഷാൻ റഹ്മാനാണ് ആ ഗാനം പാടിയിട്ടുള്ളതെന്നും താൻ പാടിയത് അവർ ഒഴിവാക്കിയെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘ഞാൻ സ്കൂൾ വാനിലൊക്കെ പോവുന്ന കാലം തൊട്ട് എന്നോട് ചോദിക്കുമായിരുന്നു വിനീതിന്റെ അനിയനല്ലേയെന്ന്. ഹിന്ദികുട്ടികളൊക്കെ എന്നോട് ചോദിക്കുമായിരുന്നു, ധ്യാൻ ചേട്ടൻ ഹിന്ദി പാട്ട് പാടുമോയെന്ന്. ഞാൻ ചുമ്മാ ചില ഹിന്ദി പാട്ടുകളൊക്കെ പാടുമായിരുന്നു. അപ്പോൾ എനിക്ക് തോന്നി ഗായകനാവുന്നതാണ് പെട്ടെന്ന് പേരെടുക്കാൻ എളുപ്പമെന്ന്.

അങ്ങനെ ഞാൻ ഷാനിക്കയോടും വിനീതേട്ടനോട് കാര്യം പറഞ്ഞു. പാട്ടിൽ ചെറിയ താത്‌പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ നീ പാടുമോയെന്ന് അവർ ചോദിച്ചു. അങ്ങനെ മലർവാടി ആർട്സ് ക്ലബ്ബിന്റെ ടൈറ്റിൽ സോങിലേക്ക് അവരെന്നെ വിളിച്ചു. ഞാനത് പാടി, മണിക്കൂറുകളോളം പാടി. ‘കാത്ത് കാത്ത് വെച്ചൊരു ചെമ്പനീർ പൂവുപോലെ’ എന്ന പാട്ടായിരുന്നു അത്.

പാടി കഴിഞ്ഞപ്പോൾ ഷാനിക്ക എന്നോട് പറഞ്ഞു, നന്നായി പാടിയിട്ടുണ്ടെന്ന്. സത്യത്തിൽ ഞാൻ നന്നായി പാടിയിട്ടുണ്ട്, സ്വാഭാവികമായും ആ പാട്ട് സിനിമയിൽ ഉണ്ടാവുമല്ലോ. അങ്ങനെ ഞാൻ പടം കാണാൻ വേണ്ടി ആദ്യ ദിവസം പോയി ഇങ്ങനെ ഇരിക്കുന്ന സമയത്തുണ്ട്, ആ പാട്ട് സ്‌ക്രീനിൽ വരുന്നു. അന്ന് സോഷ്യൽ മീഡിയ ഒന്നുമില്ലാത്തതുകൊണ് നമ്മൾ പിന്നെ നേരെ സിനിമയ്ക്കാണല്ലോ പോവുക.

ഞാൻ ആ പാട്ടിനായി കാത്തിരിക്കുമ്പോൾ, ആ സോങ് ഷാനിക്ക തന്നെ പാടിയതാണ് ഞാൻ കേൾക്കുന്നത്. ആ പാട്ടിലൂടെയാണ് പുള്ളി പാട്ടിന്റെ ലോകത്തേക്ക് ഗായകനായി വരുന്നത്. അതാണ് പുള്ളി ആദ്യമായിട്ട് സിനിമയിൽ പാടിയ പാട്ട്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan About His Song In Malarvadi Arts Club

Latest Stories

We use cookies to give you the best possible experience. Learn more