| Monday, 12th May 2025, 8:49 am

അവന്‍ ഒരു മെയ്ന്‍ സ്ട്രീം നടന്‍, ഞാന്‍ പാര്‍ട് ടൈം, നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ എനിക്കാണ് കൂടുതല്‍ സിനിമ: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിര യിലൂടെയാണ് ധ്യാന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു. ധ്യാന്‍, അജു വര്‍ഗീസ്, നീരജ് എന്നിവര്‍ ഒന്നിച്ച സിനിമയായിരുന്നു അടി കപ്യാരേ കൂട്ടമണി. ഇതിന് മുമ്പ് 2015ല്‍ പുറത്ത് വന്ന കുഞ്ഞിരാമയണം എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചിരുന്നു.

താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ഒരു നടന്‍ അല്ലെന്ന് പറയുകയാണ് ധ്യാന്‍. അജു വര്‍ഗീസ് ഒരു മെയ്ന്‍ സ്ട്രീം നടനാണെന്നും താന്‍ ഒരു പാര്‍ട് ടൈം നടനാണന്നെും ധ്യാന്‍ പറയുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താനാണ് ഇപ്പോള്‍ കൂടുതല്‍ സിനിമ ചെയ്യുന്നതെന്നും ധ്യാന്‍ തമാശരൂപേണ പറയുന്നു. താന്‍ പൊതുവെ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ആളല്ലെന്നും കുഞ്ഞിരാമായണം താന്‍ തെരഞ്ഞെടുത്ത സിനിമയല്ലെന്നും ധ്യാന്‍ പറഞ്ഞു.

കുഞ്ഞിരാമായണത്തിന് ശേഷം അജു വര്‍ഗീസും നീരജും തങ്ങള്‍ എല്ലാവരും ഒന്നിച്ച സിനിമയാണ് അടി കപ്യാരേ കൂട്ടമണിയെന്നും സുഹൃത്തുക്കള്‍ എല്ലാവരും ഒന്നിക്കുന്നു എന്ന കാരണത്താല്‍ കൂടെയാണ് താന്‍ ആ സിനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും സിനിമയുടെ ഹിറ്റ് പ്രതീക്ഷിച്ചല്ല ആ സിനിമ കമ്മിറ്റ് ചെയ്തതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അജു മെയ്ന്‍ സ്ട്രീം നടനാണ്. ഞാന്‍ പാര്‍ട്ട് ടൈം നടനാണ്. പക്ഷേ എന്താണെന്ന് അറിയില്ല നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്നത് ഞാന്‍ ആയി പോയി (ചിരി). കുഞ്ഞിരാമായണം ഞാന്‍ തെരഞ്ഞെടുത്ത സിനിമയല്ല. അടി കപ്യാരെ കൂട്ടമണി എന്നെ ആകര്‍ഷിച്ചതിന് ഒരു കാരണം ഉണ്ട്. കുഞ്ഞിരാമായണത്തിന് ശേഷം ഞാനും അജുവും, നീരജുമുള്ള പടം. പിന്നെ കഥ കേട്ടപ്പോള്‍ ഒരു രസം തോന്നി. ഒരു മെന്‍സ് ഹോസ്റ്റലിനെ ചുറ്റി പറ്റിയുള്ള കഥ. നമ്മള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി.

അപ്പോഴും അത് ഗംഭീര സിനിമയാണെന്നുള്ള ചിന്തയൊന്നും ഞങ്ങളുടെ മനസില്‍ ഇല്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നു. അതാണ് ഞങ്ങളെ ആകര്‍ഷിച്ചത്. അല്ലാതെ അതിന്റെ കഥയോ, ഈ സിനിമ ചെയ്തതു കൊണ്ട് നമ്മള്‍ സ്റ്റാര്‍ ആകുമെന്നോ, ഇത് കഴിഞ്ഞാല്‍ സിനിമ ഹിറ്റാകും ഇങ്ങനെയൊരു ചിന്ത എനിക്ക് തിര ചെയ്യുമ്പോളോ, കുഞ്ഞിരാമായണം ചെയ്യുമ്പോളോ, കപ്യാരെ ചെയ്യുമ്പോളോ ഇല്ല,’ ധ്യാന്‍ പറയുന്നു.

Content Highlight: Dhyan says that he is not an actor who chooses films.

We use cookies to give you the best possible experience. Learn more