ആദ്യ വീക്കെന്‍ഡില്‍ ആളനക്കമില്ലാതെ പോയിട്ടും പിന്നീട് ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പ് നടത്തുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറാകുമെന്നാണ് കണക്കുകൂട്ടല്‍. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ റെക്കോഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 700 കോടിയിലധികം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ കളക്ഷനാണിത്. കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്ണാണ് ഒന്നാം സ്ഥാനത്ത്. വിക്കി കൗശല്‍ നായകനായ ഛാവാ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ധുരന്ധറിന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ ‘A’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് നല്‍കിയത്. ‘A’ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനത്തിനെത്തി ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി ധുരന്ധര്‍ മാറിയേക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലാണ് ‘A’ സര്‍ട്ടിഫിക്കറ്റുമായി വന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം.
915 കോടിയാണ് അനിമല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇതിനെ മറികടന്ന് ചരിത്രം രചിക്കാന്‍ ധുരന്ധറിന് ഇനി 220 കോടി കൂടി വേണം. ഹോളിവുഡ് ചിത്രം അവതാര്‍ 3 പ്രതീക്ഷിച്ച അഭിപ്രായം സ്വന്തമാക്കാന്‍ സാധിക്കാത്തതോടെ ധുരന്ധറിന് ബോക്‌സ് ഓഫീസില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നാണ് കണക്കുകൂട്ടല്‍.
ബോളിവുഡിലും ധുരന്ധറിന് അടുത്തൊന്നും വലിയ എതിരാളികളില്ല. ലോങ് റണ്ണിലൂടെ ചിത്രം ഗംഭീര മുന്നേറ്റം നടത്തുമെന്നാണ് ട്രാക്കര്‍മാര്‍ പ്രവചിക്കുന്നത്. ആദ്യവാരത്തെക്കാള്‍ ഇരട്ടി കളക്ഷനാണ് ധുരന്ധര്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ആദ്യത്തെ ആഴ്ച 300 കോടി നേടിയ ചിത്രം രണ്ടാം വാരത്തിലാണ് 400 കോടി നേടിയത്.
ഒരുദിവസം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും ധുരന്ധറിന്റെ പേരിലാണ്. 58.3 കോടിയാണ് ചിത്രം നേടിയത്. പുഷ്പ 2വിന്റെ 53 കോടി എന്ന റെക്കോഡാണ് ധുരന്ധറിന്റെ മുന്നില്‍ തകര്‍ന്നത്. ഇന്ത്യന്‍ സിനിമക്ക് വലിയ രീതിയില്‍ കളക്ഷന്‍ ലഭിക്കുന്ന ജി.സി.സി മാര്‍ക്കറ്റില്‍ റിലീസില്ലാതിരുന്നിട്ട് കൂടി ഇത്രയും ഗംഭീര കളക്ഷന്‍ ധുരന്ധര്‍ നേടിയത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Dhurandhar crossed 700 crores from Box Office