അടിച്ചത് യാര്... വെറും സത്തം കേട്ട് സൊല്ലട്ടും, 50 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരുകോടിയില്‍ താഴെ കളക്ഷനിലൊതുങ്ങി ധുരന്ധര്‍
Indian Cinema
അടിച്ചത് യാര്... വെറും സത്തം കേട്ട് സൊല്ലട്ടും, 50 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരുകോടിയില്‍ താഴെ കളക്ഷനിലൊതുങ്ങി ധുരന്ധര്‍
അമര്‍നാഥ് എം.
Sunday, 25th January 2026, 2:31 pm

ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ആദ്യ ആഴ്ചയില്‍ വലിയ കളക്ഷന്‍ നേടാത്ത ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ കത്തിക്കയറുകയായിരുന്നു.

ഇതുവരെ ബോക്‌സ് ഓഫീസില്‍ 1320 കോടിയിലധികമാണ് ധുരന്ധര്‍ നേടിയത്. തുടര്‍ച്ചയായി 22 ദിവസം ബോക്‌സ് ഓഫീസില്‍ നിന്ന് 25 കോടിയിലേറെ  ധുരന്ധര്‍ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഒറ്റദിവസം കൊണ്ട് ബുക്ക്‌മൈഷോയില്‍ 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റും ബോക്‌സ് ഓഫീസില്‍ ചിത്രം ചരിത്രമെഴുതി.

എന്നാല്‍ കഴിഞ്ഞദിവസം ചിത്രം ഒരു കോടിക്ക് താഴെ മാത്രമാണ് നേടിയത്. റിലീസ് ചെയ്ത് 50ാം ദിവസമാണ് ധുരന്ധറിന്റെ കളക്ഷനില്‍ ഇടിവ് വന്നത്. അതിന് കാരണമായത് മറ്റൊരു ബോളിവുഡ് ചിത്രമാണ്. സണ്ണി ഡിയോള്‍ നായകനായ ബോര്‍ഡര്‍ 2ന്റെ റിലീസ് ധുരന്ധറിനെ ബാധിച്ചെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.

റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 67 കോടിയിലേറെയാണ് ബോര്‍ഡര്‍ 2 നേടിയത്. ഇന്നത്തെ ദിവസം കൊണ്ട് ചിത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. തിരിച്ചുവരവില്‍ സണ്ണി ഡിയോളിന്റെ അടിയില്‍ ബോക്‌സ് ഓഫീസ് വീണ്ടും കുലുങ്ങിയിരിക്കുകയാണ്. എല്ലാം ഒത്തുവന്നാല്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് സണ്ണി പാജി സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഷാരൂഖ് ഖാന്‍ നായകനായ പത്താനെ മറികടന്നാണ് ഗദ്ദര്‍ 2 ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. ഒരുപാട് കാലം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറിനിന്ന സണ്ണി ഡിയോളിന്റെ തിരിച്ചുവരവ് ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴിതാ മറ്റൊരു സീക്വലുമായി വന്ന ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ് സണ്ണി പാജി.

1999ല്‍ പുറത്തിറങ്ങിയ ബോര്‍ഡറിന്റെ സീക്വലാണ് ബോര്‍ഡര്‍ 2. സണ്ണി ഡിയോളിനൊപ്പം വരുണ്‍ ധവാന്‍, ദില്‍ജിത് ദൊസാഞ്ചേ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒന്നരടണ്‍ ഭാരമുള്ള സണ്ണി പാജിയുടെ പഞ്ചിനും അലറിവിളിച്ചുകൊണ്ടുള്ള ഡയലോഗിനും ഇപ്പോഴും സ്വീകാര്യതയുണ്ടെന്നുള്ളതിന്റെ തെളിവാണ് ഗദ്ദറിന്റെയും ബോര്‍ഡറിന്റെ സീക്വലുകളുടെ വിജയം അടിവരയിടുന്നത്.

Content Highlight: Dhurandhar collection fells down on its 50th day

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം