ഹിന്ദി പതിപ്പ് മാത്രം റിലീസ് ചെയ്ത് സൗത്ത് ഇന്ത്യയില്‍ നിന്ന് 100 കോടിയിലേറെ... ചരിത്രം രചിച്ച് ധുരന്ധര്‍
Indian Cinema
ഹിന്ദി പതിപ്പ് മാത്രം റിലീസ് ചെയ്ത് സൗത്ത് ഇന്ത്യയില്‍ നിന്ന് 100 കോടിയിലേറെ... ചരിത്രം രചിച്ച് ധുരന്ധര്‍
അമര്‍നാഥ് എം.
Saturday, 24th January 2026, 8:36 am

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഹിന്ദി ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പലയിടത്തും ഹൗസ്ഫുള്ളാണ്. റിലീസ് ചെയ്ത് ഒന്നര മാസം പിന്നിട്ടിട്ടും ഗംഭീര കളക്ഷനാണ് ഓരോ ദിവസവും ധുരന്ധര്‍ സ്വന്തമാക്കുന്നത്.

ആഗോളതലത്തില്‍ ഇതിനോടകം 1300 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. ഹിന്ദി വേര്‍ഷനില്‍ മാത്രം റിലീസ് ചെയ്ത ചിത്രം സൗത്ത് ഇന്ത്യയിലും ഗംഭീര കളക്ഷനാണ് നേടിയിരിക്കുന്നത്. 186 കോടിയാണ് കേരള, ആന്ധ്ര/ തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് നേടിയത്. ഇതില്‍ കര്‍ണാടകയിലും ആന്ധ്ര/ തെലങ്കാനയിലും 50 കോടിയിലേറെ സ്വന്തമാക്കി. കേരളത്തില്‍ നിന്ന് ഒമ്പത് കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 16 കോടിയുമാണ് ധുരന്ധര്‍ ഇതുവരെ സ്വന്തമാക്കിയത്.

അന്യഭാഷാ സിനിമകള്‍ ഡബ്ബ് ചെയ്ത് മാത്രം വലിയ കളക്ഷന്‍ നേടുന്ന ഇത്തരം മേഖലകളില്‍ ഒറ്റ ഭാഷയില്‍ റിലീസ് ചെയ്തുകൊണ്ട് ഇത്രയധികം കളക്ഷന്‍ നേടിക്കൊണ്ട് ധുരന്ധര്‍ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം ആദ്യ വീക്കെന്‍ഡില്‍ 50 കോടി മാത്രമായിരുന്നു നേടിയത്. ആദ്യവാരം കൊണ്ട് വാഷൗട്ടാകുമെന്ന് കരുതിയ ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ താണ്ഡവമാടുകയായിരുന്നു.

പുഷ്പ 2 നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് നേടിയ 836 കോടിയെ പഴങ്കഥയാക്കി 886 കോടി നേടിക്കൊണ്ട് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും ധുരന്ധര്‍ തന്റെ പേരിലാക്കി. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രം 900 കോടി നേടുന്ന ആദ്യചിത്രമായി ധുരന്ധര്‍ മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആദ്യഭാഗം ഇത്രയും വലിയ കളക്ഷന്‍ നേടിയതിനാല്‍ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ നേടാന്‍ പോകുന്ന റെക്കോഡുകള്‍ ഏതൊക്കെയാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി പാന്‍ ഇന്ത്യന്‍ റിലീസാണ് ധുരന്ധര്‍ ചാപ്റ്റര്‍ 2 ലക്ഷ്യമിടുന്നത്. തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്ന് മിനിമം 100 കോടിയെങ്കിലും ധുരന്ധര്‍ നേടിയേക്കുമെന്നാണ് ട്രാക്കര്‍മാര്‍ കരുതുന്നത്. ആദ്യഭാഗം ഉണ്ടാക്കിവെച്ച ഹൈപ്പിനെ രണ്ടാം ഭാഗം സഹായിച്ചാല്‍ ബോളിവുഡിലെ അടുത്ത 2000 കോടി ധുരന്ധര്‍ നേടാനും സാധ്യതയുണ്ട്.

ജി.സി.സി രാജ്യങ്ങളില്‍ റിലീസില്ലാതെ ആദ്യമായി 1000 കോടി നേടുന്ന ചിത്രം കൂടിയാണ് ധുരന്ധര്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുക്കിയപ്പോഴും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുന്ന ചില ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അനുരാഗ് കശ്യപടക്കം സംവിധായകന്റെ ഈ നിലപാടിനെ വിമര്‍ശിച്ചത് വാര്‍ത്തയായി.

Content Highlight: Dhurandhar collected more than 150 crores from South Indian states without dubbed version

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം