ആശാന്റെ വക ശിഷ്യന് ചെക്ക്, ധുരന്ധര്‍ 2ന്റെ ഡ്രീം റണ്ണിന് തടയിട്ട് ഭൂത് ബംഗ്ലാ
Indian Cinema
ആശാന്റെ വക ശിഷ്യന് ചെക്ക്, ധുരന്ധര്‍ 2ന്റെ ഡ്രീം റണ്ണിന് തടയിട്ട് ഭൂത് ബംഗ്ലാ
അമര്‍നാഥ് എം.
Sunday, 19th April 2026, 9:41 am

പുഷ്പ 2 കൈപ്പിടിയിലൊതുക്കിയ ബോളിവുഡ് ഇന്‍ഡസ്ട്രി ഹിറ്റ് ഹിന്ദി സിനിമാലോകം തിരിച്ചുപിടിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 870 കോടിയിലേറെ നേടിയാണ് ധുരന്ധര്‍ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. ആദ്യദിനത്തെ അതേ വരവേല്പ് ഇപ്പോഴും പലയിടങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ചിത്രത്തിന്റെ ഡ്രീം റണ്ണിന് കഴിഞ്ഞദിവസം താത്കാലിക വിരാമമായതാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച. നാല് ആഴ്ചയോളം ഫ്രീ റണ്‍ ലഭിച്ച ധുരന്ധര്‍ 2ന് വെല്ലുവിളിയായിക്കൊണ്ട് കഴിഞ്ഞദിവസം മറ്റൊരു ഹിന്ദി ചിത്രം ഭൂത് ബംഗ്ലാ തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യദിനം ലഭിച്ചത്. ഇതോടെ ധുരന്ധറിനെക്കാള്‍ അധികം സ്‌ക്രീനുകള്‍ ഭൂത് ബംഗ്ലായ്ക്ക് ലഭിച്ചു.

പ്രിയദര്‍ശനാണ് ഭൂത് ബംഗ്ലായുടെ സംവിധാനം. ധുരന്ധര്‍ 2 അണിയിച്ചൊരുക്കിയ ആദിത്യ ധര്‍ പ്രിയദര്‍ശന്റെ ശിഷ്യനാണ്. ആശാന്റെയും ശിഷ്യന്റെയും സിനിമകള്‍ ഒരേസമയം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. രണ്ടും വ്യത്യസ്ത ഴോണറുകളാണെന്നതും ശ്രദ്ധേയമാണ്.

ബോളിവുഡിലെ ഹൊറര്‍ കോമഡി ഴോണറുകളുടെ അതേ ടെംപ്ലേറ്റിലാണ് പ്രിയദര്‍ശന്‍ ഭൂത് ബംഗ്ലാ അണിയിച്ചൊരുക്കിയത്. അക്ഷയ് കുമാര്‍- പ്രിയദര്‍ശന്‍ കോമ്പോയുടെ റീയൂണിയനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗീതാജ്ഞലി, ഒരു മരുഭൂമിക്കഥ, ഒപ്പം തുടങ്ങി തന്റെ ഹിറ്റ് സിനിമകളിലെ കോമഡി രംഗങ്ങളെ അതേപടി ഭൂത് ബംഗ്ലായില്‍ പ്രിയദര്‍ശന്‍ പകര്‍ത്തിവെച്ചിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.

അതേസമയം സമാനതകളില്ലാത്ത വിജയത്തിലേക്കാണ് ധുരന്ധര്‍ 2 കുതിക്കുന്നത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 1700 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. ‘A’ സര്‍ട്ടിഫിക്കറ്റുമായി തിയേറ്ററുകളിലെത്തിയ ആദ്യഭാഗവും രണ്ടാം ഭാഗവും ചേര്‍ന്ന് 3000 കോടിയിലേറെയാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ സിനിമകള്‍ക്ക് വന്‍ മാര്‍ക്കറ്റുള്ള ജി.സി.സിയില്‍ വിലക്കുണ്ടായിട്ടും ഗംഭീര കളക്ഷനാണ് ധുരന്ധര്‍ നേടിയത്.

എന്നാല്‍ ധുരന്ധറിന്റെ രണ്ടാം ഭാഗത്തില്‍ ബി.ജെ.പി ഗവണ്മെന്റിനെ അമിതമായി പുകഴ്ത്തിയതെല്ലാം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശാനുള്ള ആദിത്യ ധറിന്റെ ശ്രമമാണ് ധുരന്ധര്‍ 2 എന്ന് പലരും വിമര്‍ശിച്ചു. യഥാര്‍ത്ഥ സംഭവങ്ങളില്‍ സംവിധായകന്റെ ഫിക്ഷനും ചേര്‍ത്തുകൊണ്ടാണ് ധുരന്ധര്‍ ഒരുക്കിയത്.

Content Highlight: Dhurandhar 2 dream run got huge drop after the release of Bhoot Bangla

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം