മെർസലായിട്ടേൻ.. എന്ന പാട്ടിന്റെ പെൻഡ്രൈവ് എല്ലാരേയും കാണിച്ചു; മുതുകത്ത് അച്ഛൻ നല്ലൊരു അടിയും തന്നു: ധ്രുവ് വിക്രം
Malayalam Cinema
മെർസലായിട്ടേൻ.. എന്ന പാട്ടിന്റെ പെൻഡ്രൈവ് എല്ലാരേയും കാണിച്ചു; മുതുകത്ത് അച്ഛൻ നല്ലൊരു അടിയും തന്നു: ധ്രുവ് വിക്രം
നന്ദന എം.സി
Wednesday, 25th March 2026, 2:46 pm

മലയാളികൾക്കും പ്രിയപ്പെട്ട നടനാണ് വിക്രം. അതേ സ്‌നേഹം തന്നെയാണ് മകൻ ധ്രുവ് വിക്രമിനോടും മലയാളികൾക്കുള്ളത്. താരപുത്രനെന്ന നിലയിൽ മാത്രമല്ല, സ്വന്തം അഭിനയ മികവിലൂടെ തന്നെ സിനിമയിൽ ഒരു സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന യുവതാരമായാണ് ധ്രുവിനെ പ്രേക്ഷകർ കാണുന്നത്.

‘ബൈസൺ’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുമ്പോൾ ധ്രുവ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

അച്ഛനും നടനുമായ വിക്രമിനെ കുറിച്ച് ധ്രുവ് പറഞ്ഞ രസകരമായ ഓർമകളാണ് ആരാധകർ വീണ്ടും എടുത്തുപറയുന്നത്. ഐ എന്ന ചിത്രത്തിലെ ‘മെർസലായിട്ടേൻ..’ എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിന് മുമ്പ്, ആ പാട്ട് ഒരു പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു എന്ന് ധ്രുവ് പറയുന്നു.

വിക്രം, ധ്രുവ് , Photo: IMDb

ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്തുന്നതിനായി സംവിധായകൻ എസ്. ശങ്കർ പാട്ട് എങ്ങും ലീക്ക് ആകരുതെന്ന് കർശനമായി നിർദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ താൻ ആ പെൻഡ്രൈവ് എങ്ങനെയോ കൈവശമാക്കിയെന്നും സ്കൂളിൽ കൂട്ടുകാരുടെ മുന്നിൽ ‘സ്റ്റൈൽ’ കാണിക്കാനായി കൊണ്ടുപോയി, ക്ലാസിൽ എല്ലാവർക്കും ആ പാട്ട് കാണിച്ചുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

‘ഐ’ സിനിമയിലെ ‘മെർസലായിട്ടേൻ..’ എന്ന പാട്ടിന്റെ ഷൂട്ടിങ്ങിന് മുമ്പ് അവർ അത് ഒരു പെൻഡ്രൈവിലായിരുന്നു സൂക്ഷിച്ചിരുന്നത്. പാട്ട് ഒരിടത്തും ലീക്ക് ആകരുതെന്ന് സംവിധായകൻ ശങ്കർ സാറിന് വലിയ നിർബന്ധമുണ്ടായിരുന്നു.

ആ പെൻഡ്രൈവ് എനിക്ക് എങ്ങനെയോ കിട്ടി. സ്കൂളിലെ എല്ലാവർക്കും മുന്നിൽ ഒന്ന് ജാഡ കാണിക്കാൻ വേണ്ടി ഞാൻ അതങ്ങ് എടുത്തു. അങ്ങനെ ക്ലാസിൽ എല്ലാവരെയും കാണിച്ചു.

‘ഐ’ സിനിമ, Photo: YouTube/ Screengrab

ക്ലാസിൽ വലിയ പുലിയാണെന്നൊക്കെ കരുതി എല്ലാവരെയും കാണിച്ചു. പക്ഷേ വീട്ടിൽ വന്നപ്പോൾ… അച്ഛൻ ആ സിനിമയിലെ ‘ബോഡി ബിൽഡർ’ ലുക്കിലായിരുന്നു. എന്റെ മുതുകത്ത് അച്ഛൻ നല്ലൊരു അടി തന്നു! രണ്ടാഴ്ചയോളം ആ കൈപ്പത്തിയുടെ അടയാളം അവിടെ ഉണ്ടായിരുന്നു,’ ധ്രുവ് പറഞ്ഞു.

ശങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിൽ വിക്രമിനൊപ്പം എമി ജാക്സണും പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളി താരം സുരേഷ് ഗോപിയായിരുന്നു പ്രതിനായക വേഷത്തിലെത്തിയത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രം റിലീസിന് പിന്നാലെ ബോക്‌സോഫീസിൽ വലിയ വിജയമായി മാറി.

ചിത്രത്തിലെ ഗാനങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് എ.ആർ. റഹ്‌മാൻ ഒരുക്കിയ ‘മെർസലായിട്ടേൻ..’ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്.

Content Highlight: Dhruv vikram talk about Vikram

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.