ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. ആദ്യചിത്രത്തിലെ പ്രകടനത്തിന് ഒരുപാട് വിമര്‍ശനം കേട്ട ധനുഷ് പിന്നീട് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടുവട്ടം സ്വന്തമാക്കിയ ധനുഷ് ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.
സിനിമക്ക് പുറത്ത് പല വിവാദങ്ങളിലും ധനുഷിന്റെ പേര് വലിച്ചിഴക്കപ്പെട്ടു. നയന്‍താരയുടെ ഡോക്യുമെന്ററിയും അതിനോടനുബന്ധിച്ച് നടന്ന എന്‍.ഒ.സി വിവാദവും കഴിഞ്ഞവര്‍ഷത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു. നയന്‍താരയെ അനുകൂലിക്കുന്നവര്‍ ധനുഷിനെതിരെ രംഗത്തെത്തിയിരുന്നു. അത്തരം വിവാദങ്ങളോട് പ്രതികരിക്കുകയാണ് ധനുഷ്.
തന്നെക്കുറിച്ച് നാല് അപവാദം പ്രചരിപ്പിച്ച് തന്നെ അവസാനിപ്പിക്കാമെന്ന് കരുതുന്നവര്‍ ചുറ്റിലുമുണ്ടെന്ന് ധനുഷ് പറഞ്ഞു. എന്നാല്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മുന്നില്‍ അത്തരം അപവാദങ്ങള്‍ എരിഞ്ഞ് ചാമ്പലാകുമെന്നും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരു കല്ല് പോലും ഇളക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ കുബേരയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.
‘എന്നെ ഇത്രയും വളര്‍ത്തിയത് എന്റെ ആരാധകരാണ്. അവരുടെ സ്‌നേഹം എനിക്ക് ചുറ്റും ഒരു സംരക്ഷണവലയം പോലെ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നെക്കുറിച്ച് നാല് അപവാദം പ്രചരിപ്പിച്ച് എന്നെ അവസാനിപ്പിച്ച് കളയാമെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ട്. അവരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. നിങ്ങളുടെ അപവാദങ്ങളെല്ലാം എന്റെ ആരാധകരുടെ സ്‌നേഹത്തില്‍ എരിഞ്ഞ് ചാമ്പലാകും. ഒരു ചെങ്കല്ല് പോലും നിങ്ങള്‍ക്ക് ഇളക്കാന്‍ സാധിക്കില്ല. മാറി നിന്ന് കളിക്ക് മക്കളേ’ ധനുഷ് പറയുന്നു.
കേരളത്തിലെ ഗ്രാമത്തില്‍ നിന്ന് തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍താരയുടെ പ്രയാണമാണ് നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടെയ്ല്‍. നെറ്റ്ഫ്‌ളിക്‌സാണ് ഡോക്യുമെന്ററി ഏറ്റെടുത്തത്. എന്നാല്‍ ഈ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നു.
ധനുഷ് നിര്‍മിച്ച ചിത്രത്തിന്റെ ഭാഗങ്ങള്‍ തന്റെ സമ്മതമില്ലാതെയാണ് ഉള്‍പ്പെടുത്തിയതെന്ന് ആരോപിച്ച് താരം കോടതിയെ സമീപിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അഞ്ചുകോടിയാണ് ധനുഷ് ഈ വീഡിയോക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഈ പ്രശ്‌നത്തില്‍ നയന്‍താരയെയും ധനുഷിനെയും അനുകൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
Content Highlight: Dhanush reacts to the controversies against him without mentioning the name of Nayanthara