തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പുമായി ബന്ധപ്പെട്ട ഊമക്കത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി. ഹൈക്കോടതി അഭിഭാഷകനായ കുളത്തൂര്‍ ജെയ്സണ്‍ നല്‍കിയ പരാതിയിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.
ഡിസംബര്‍ എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം വിചാരണക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഡിസംബര്‍ രണ്ടിന് തന്നെ വിധിപ്പകര്‍പ്പിലെ വിവരങ്ങള്‍ അടങ്ങുന്ന ഊമക്കത്ത് ലഭിച്ചിരുന്നതായി കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിയും മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷയും വെളിപ്പെടുത്തിയിരുന്നു.
ഡിസംബര്‍ നാലിനാണ് കെമാല്‍ പാഷയ്ക്ക് കത്ത് ലഭിച്ചത്. അജ്ഞാത കത്ത് ആദ്യം അവഗണിച്ചെങ്കിലും വിധി വന്നതോടെ ഞെട്ടിപ്പോയിരുന്നുവെന്ന് കെമാല്‍ പാഷ അന്ന് പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ പൗരന്‍ എന്ന പേരിലെഴുതിയ ഊമക്കത്താണ് ഇരുവര്‍ക്കും ലഭിച്ചത്.
തുടര്‍ന്ന് വിധിയിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയക്കുകയും ചെയ്തിരുന്നു.
കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനി അടക്കം ആറുപേര്‍ കുറ്റക്കാരാണെന്നാണ് വിധിയില്‍ പ്രസ്താവിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെ കൊണ്ടാണ് വിധി തയ്യാറാക്കിയതെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
ഹണി വര്‍ഗീസിന് എല്ലാ കാര്യത്തിലും കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരുടെ അനുഗ്രഹമുണ്ടെന്നും കത്തില്‍ ആരോപിച്ചിരുന്നു.
കേസിലെ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ വെറുതെ വിടുമെന്ന് ഊമക്കത്തില്‍ വ്യക്തമാക്കിയിരുന്നുവെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
Content Highlight: DGP orders investigation into silent letter in actress attack case