സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നാണ് ഓസീസ് വിജയിച്ചത്. ശനിയാഴ്ച നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസീസ് വിജയിച്ചുകയറി.
പരമ്പര പരാജയപ്പെട്ടെങ്കിലും യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 180 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്.
ഇതോടെ പല റെക്കോഡ് നേട്ടങ്ങളിലും ബ്രെവിസ് ഇടം നേടി. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി-20 പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കാണ് ബ്രെവിസ് ഉയര്‍ന്നത്.
ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ടി-20 പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 3 – 199 – 2016
പാതും നിസങ്ക – ശ്രീലങ്ക – 5 – 184 – 2022
ഡെവാള്‍ഡ് ബ്രെവിസ് – 3 – 180 – 2025*
ജോസ് ബട്‌ലര്‍ – 3 – 150 – 2022
ഇതിനൊപ്പം ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം 50+ സ്‌കോറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും താരം ഉയര്‍ന്നു.
ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം 50+ സ്‌കോര്‍
(താരം – ടീം – 50+ സ്‌കോര്‍ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 5
ഡെവാള്‍ഡ് ബ്രെവിസ് – സൗത്ത് ആഫ്രിക്ക – 2*
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2
ശിഖര്‍ ധവാന്‍ – ഇന്ത്യ – 2
രോഹിത് ശര്‍മ – ഇന്ത്യ – 2
ബാബര്‍ അസം – പാകിസ്ഥാന്‍ – 2
ജെ.പി. ഡുമിനി – സൗത്ത് ആഫ്രിക്ക – 2
ഡേവിഡ് മലന്‍ – ഇംഗ്ലണ്ട് – 2
അസേല ഗുണരത്‌നെ – ശ്രീലങ്ക – 2
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 26 പന്തില്‍ 53 റണ്‍സ് നേടിയാണ് ബ്രെവിസ് ഈ തകര്‍പ്പന്‍ റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഒരു ഫോറും ആകാശം തൊട്ട ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ബ്രെവിസിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്.
Another brilliant knock from Dewald Brevis has helped South Africa get to 7-172.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് മികച്ച തുടക്കം ലഭിച്ചു. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ കരുത്തില്‍ ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറിയുമായി ഓസീസ് തിളങ്ങി.
എന്നാല്‍ എട്ടാം ഓവറില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് മടങ്ങിയതോടെ ആതിഥേയരുടെ താളം പിഴച്ചു. 18 പന്തില്‍ 19 റണ്‍സാണ് ഹെഡ് നേടിയത്. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസ് ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 37 പന്തില്‍ 54 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷിനെ മടക്കി ക്വേന മഫാക്ക ഓസീസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.
കാമറൂണ്‍ ഗ്രീന്‍ ഒമ്പത് റണ്‍സിനും ടിം ഡേവിഡ് 17 റണ്‍സിനും മടങ്ങിയതോടെ സന്ദര്‍ശകര്‍ വിജയം മണത്തു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന അതികായനെ മറികടക്കാന്‍ പ്രോട്ടിയാസിന് സാധിച്ചില്ല.
കൂടുതല്‍ പന്തുകള്‍ നേരിട്ട് റണ്‍സടിക്കുക എന്നത് മാത്രമായിരുന്നു മാക്‌സിയുടെ ലക്ഷ്യം. മറുവശത്തുള്ളവര്‍ ഒരു റണ്ണിനും പൂജ്യം റണ്ണിനും മടങ്ങിയപ്പോഴും മാക്‌സി ചെറുത്തുനിന്നു.
അവസാന ഓവറില്‍ വിജയിക്കാന്‍ പത്ത് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ രണ്ട് ഫോറുമായി മാക്‌സ് വെല്‍ ഒരു പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി. 36 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.
Content Highlight: Dewald Brevis with several record