| Sunday, 21st December 2025, 12:01 pm

ഡബ്‌ളില്‍ ഡബിളടിച്ച് കോണ്‍വേ; ഇടം പിടിച്ചത് ഗവാസ്‌കറും ഗില്ലുമുള്ള ലിസ്റ്റില്‍ 

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാം ടെസ്റ്റ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയാണ്. നാലാം ദിനം അവസാനിക്കുമ്പോള്‍ വിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തിട്ടുണ്ട്. ബ്രാണ്ടന്‍ കിങ് (46 പന്തില്‍ 37), ജോണ്‍ കാംബെല്‍ (50 പന്തില്‍ രണ്ട്) എന്നിവരാണ് ക്രീസിലുള്ളത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 462 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ന്യൂസിലാന്‍ഡ് കരീബിയന്‍ പടയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത് ഡെവോണ്‍ കോണ്‍വെയുടെ കരുത്തിലാണ്. താരം രണ്ടാം ഇന്നിങ്‌സില്‍ 139 പന്തില്‍ 100 റണ്‍സാണ് എടുത്തത്.

ഡെവോണ്‍ കോണ്‍വേ. Photo: ICC/x.com

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ കോണ്‍വേ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. 367 പന്തില്‍ 227 റണ്‍സായിരുന്നു ആദ്യ ഇന്നിങ്‌സില്‍ താരത്തിന്റെ സമ്പാദ്യം. രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയും നേടിയതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഒരു ടെസ്റ്റില്‍ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും നേടിയ ആദ്യ ന്യൂസിലാന്‍ഡ് താരമാകാനാണ് കോണ്‍വേയ്ക്ക് സാധിച്ചത്.

കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇങ്ങനെ ഒരേ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും നേടുന്ന പത്താമത്തെ താരമായും കോണ്‍വേ തന്റെ പേര് എഴുതി ചേര്‍ത്തു.

ഒരേ ടെസ്റ്റില്‍ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും നേടുന്ന പുരുഷ താരങ്ങള്‍

(താരം – ടീം – എതിരാളി – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഡഗ് വാള്‍ട്ടേഴ്സ് – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 242 & 103 സിഡ്‌നി – 1969

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 124 & 220 – പോര്‍ട്ട് ഓഫ് സ്‌പെയിന്‍ – 1971

ലോറന്‍സ് റോവ് – വെസ്റ്റ് ഇന്‍ഡീസ് – ന്യൂസിലാന്‍ഡ് – 214 & 100* – കിങ്സ്റ്റണ്‍ – 1972

ഗ്രെഗ് ചാപ്പല്‍ – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – 247* & 133 – വെല്ലിങ്ടണ്‍ – 1974

ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – ഇന്ത്യ – 333 & 123 – ലോര്‍ഡ്സ് – 1990

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – ശ്രീലങ്ക – 221 & 130 – കൊളംബോ – 2001

കുമാര്‍ സംഗക്കാര – ശ്രീലങ്ക – ബംഗ്ലാദേശ് – 319 & 105 – ചാറ്റോഗ്രാം – 2014

മാര്‍നസ് ലാബുഷാന്‍  – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 204 & 104* – പെര്‍ത്ത് – 2022

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 269 ??& 161 – ബെര്‍മിങ്ഹാം 2025

ഡെവോണ്‍ കോണ്‍വേ – ന്യൂസിലാന്‍ഡ്  – വെസ്റ്റ് ഇന്‍ഡീസ് – 227 & 100 – മൗണ്ട് മൗംഗനുയി – 2025

ടോം ലേഥം. Photo: ICC/x.com

ഈ മത്സരത്തില്‍ കോണ്‍വേയ്ക്കൊപ്പം തന്നെ ടോം ലേഥമും  മികച്ച പ്രകടനം നടത്തിയിരുന്നു. താരം ഇരു ഇന്നിങ്‌സിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ 246 പന്തില്‍ 137 റണ്‍സാണ് എടുത്തത്. രണ്ടാം ഇന്നിങ്സിലാകട്ടെ 130 പന്തില്‍ 101 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

Content Highlight: Devon Conway became first New Zealand batter and 10th men’s cricketer to hit a double hundred and century in same Test

We use cookies to give you the best possible experience. Learn more