വെസ്റ്റ് ഇന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ആതിഥേയര്‍. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിന്റെ നേട്ടമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.
ബേ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ 323 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ ടോം ലാഥവും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് അടിച്ചെടുത്തത്. ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ക്കായി ക്യാപ്റ്റനും കോണ്‍വേയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരുടെ അടവുകളൊന്നും ഇവര്‍ക്ക് മുമ്പില്‍ വിലപ്പോവാതിരുന്നതോടെ ന്യൂസിലാന്‍ഡ് ആധിപത്യം സ്വന്തമാക്കി.
ഈ കുതിപ്പില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും വീഴുകയും ചെയ്തു. 2019ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴും മുമ്പേ 317 റണ്‍സാണ് രോഹിത് – മായങ്ക് കൂട്ടുകെട്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.
ഇന്ത്യന്‍ ഓപ്പണര്‍മാരുടെ റെക്കോഡ് തകര്‍ത്ത് ആറ് റണ്‍സ് കൂടി നേടിയതിന് പിന്നാലെ ഈ കൂട്ടുകെട്ടിനും അവസാനമായി. ബ്ലാക് ക്യാപ്‌സ് ക്യാപ്റ്റനെ പുറത്താക്കി കെമര്‍ റോച്ചാണ് കുതിപ്പിന് തടയിട്ടത്. 246 പന്ത് നേരിട്ട താരം 137 റണ്‍സ് നേടിയാണ് മടങ്ങിയത്. 15 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അതേസമയം, മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 334 എന്ന നിലയിലാണ് ആതിഥേയര്‍ ബാറ്റിങ് തുടരുന്നത്. 279 പന്തില്‍ 178 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയെും 106 പന്തില്‍ ഒമ്പത് റണ്‍സുമായി ജേകബ് ഡഫിയുമാണ് ക്രീസില്‍.
മൂന്ന് മത്സരത്തിന്റെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് 1-0 എന്ന നിലയില്‍ ലീഡ് ചെയ്യുകയാണ്. മൂന്നാം മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും കിവികള്‍ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര കൈവിടാതിരിക്കാന്‍ വിഡിന്‍സിന് ബേ ഓവലില്‍ വിജയം അനിവാര്യമാണ്.