ഇന്റര്‍ മയാമിയുടെ എം.എല്‍.എസ് കിരീടനേട്ടത്തിന് ശേഷം സൂപ്പര്‍ താരവും മയാമി ക്യാപ്റ്റനുമായ ലയണല്‍ മെസിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും മയാമിയുടെ സഹ ഉടമയുമായ ഡേവിഡ് ബെക്കാം. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം മെസി മയാമിയില്‍ താമസിക്കാന്‍ താന്‍ ആഗ്രഹിച്ചെന്ന് ബെക്കാം പറഞ്ഞു.
മെസിയോട് താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ബാഴ്‌സയിലെ ക്യാമ്പ് നൗവില്‍ താമസിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും താന്‍ ചിന്തിച്ചിട്ടില്ലെന്ന് മെസി തനിക്ക് മറുപടി നല്‍കിയതായി ബെക്കാം പറഞ്ഞു. മാത്രമല്ല ബാഴ്‌സയെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റൊരും താരവുമില്ലെന്ന് ബെക്കാം കൂട്ടിച്ചേര്‍ത്തു.
‘മെസി വിരമിച്ചതിന് ശേഷവും മയാമിയില്‍ താമസിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ക്യാമ്പ് നൗവിന് സമീപം താമസിക്കുന്നതിനെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂ എന്ന് ലിയോ എന്നോട് പറഞ്ഞു. ബാഴ്‌സലോണയെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റൊരു കളിക്കാരനുമില്ല. അദ്ദേഹത്തിന്റെ കാലിലും വാട്ടര്‍ ബോട്ടിലിലും പോലും ബാഴ്സ ലോഗോ കാണാം’ ബെക്കാം പറഞ്ഞു.
മുന്‍ ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്ന് 2021ലാണ് മെസി മടങ്ങിയത്. 2004ല്‍ ബാഴ്‌സയില്‍ അരങ്ങേറിയ മെസി 17 സീസണുകളില്‍ ടീമിനൊപ്പമുണ്ടായിരുന്നു. മാത്രമല്ല ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലും മെസിയാണ് മുന്നില്‍. 672 ഗോളുകളാണ് ബാഴ്‌സയ്ക്ക് വേണ്ടി മെസി നേടിയത്. 778 അസിസ്റ്റും മെസിക്കുണ്ട്. ടീമിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായാണ് മെസി മടങ്ങിയത്.
അതേസമയം മേജര്‍ ലീഗ് സോക്കറില്‍ കരുത്തരായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്സിനെ പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യ എം.എല്‍.എസ് കിരീടം സ്വന്തമാക്കിയത്. ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് വിജയത്തിന് പിന്നാലെയാണ് വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ജേതാക്കളായ വൈറ്റ് ക്യാപ്സിനെതിരെ കിരീടപ്പോരാട്ടത്തില്‍ മയാമി ഏറ്റുമുട്ടിയത്.
കരിയറിലെ 48ാം കിരീടമാണ് എം.എല്‍.എസ് കപ്പിന് പിന്നാലെ ലയണല്‍ മെസി തന്റെ പോര്‍ട്ഫോളിയോയിലേക്ക് ചേര്‍ത്തുവെച്ചത്. സ്വന്തം തട്ടകമായി ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസിയും സംഘവും വൈറ്റ് ക്യാപ്സിനെ തകര്‍ത്തുവിട്ടത്. മയാമിക്കൊപ്പം മെസിയുടെ നാലാം കിരീടമാണിത്.
Content Highlight: Devid Beckham Talking About Lionel Messi