| Thursday, 17th April 2025, 8:18 pm

ആ പടം ഹിറ്റായില്ലെങ്കില്‍ സിനിമാജീവിതം ഉപേക്ഷിച്ച് മുംബൈയിലേക്ക് തിരിച്ചുപോകാമെന്ന് തീരുമാനിച്ചിരുന്നു: ദേവയാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ദേവയാനി. 1994ല്‍ പുറത്തിറങ്ങിയ കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി നായികയായി അരങ്ങേറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ദേവയാനിക്ക് സാധിച്ചു. രണ്ട് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും ദേവയാനിയെ തേടിയെത്തി.

ദേവയാനിയും അജിത്തും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു കാതല്‍ കോട്ടൈ. അഗതിയന്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. അജിത്- ദേവയാനി ജോഡി തമിഴ്‌നാട്ടില്‍ ഒരുപാട് ആഘോഷിക്കപ്പെട്ടിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ദേവയാനി. തങ്ങളുടെ കരിയറില്‍ വലിയ ഹിറ്റായി മാറിയ ചിത്രമാണ് കാതല്‍ കോട്ടൈയെന്ന് ദേവയാനി പറഞ്ഞു.

നായകനും നായികയുമാണെങ്കിലും തങ്ങള്‍ തമ്മില്‍ ആകെ രണ്ട് കോമ്പിനേഷന്‍ സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു. തന്റെ ഷൂട്ട് മുഴുവന്‍ ഊട്ടിയിലും അജിത്തിന്റെ ഷൂട്ട് മുഴുവന്‍ രാജസ്ഥാനിലുമായിരുന്നെന്ന് ദേവയാനി പറഞ്ഞു. അഞ്ച് ദിവസം മാത്രമായിരുന്നു തങ്ങള്‍ ഒരുമിച്ചുള്ള സീന്‍ ഷൂട്ട് ചെയ്തിരുന്നതെന്ന് ദേവയാനി കൂട്ടിച്ചേര്‍ത്തു.

താനും അജിത്തും ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അതെന്നും തങ്ങള്‍ക്ക് അത്ര വലിയ വിജയങ്ങള്‍ ഇല്ലായിരുന്നെന്നും ദേവയാനി പറഞ്ഞു. കാതല്‍ കോട്ടൈ ഹിറ്റായില്ലായിരുന്നെങ്കില്‍ സിനിമാജീവിതം മതിയാക്കി മുംബൈയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചെന്നും എന്നാല്‍ ആ സിനിമ വന്‍ വിജയമായി മാറിയിരുന്നെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു. സിനിമ ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവയാനി ഇക്കാര്യം പറഞ്ഞത്.

‘കാതല്‍ കോട്ടൈ എന്റെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കിയ സിനിമയാണ്. അജിതും ഞാനും അന്നത്തെ ഹിറ്റ് ജോഡിയായിരുന്നു. ആ സിനിമയില്‍ ഞങ്ങള്‍ക്ക് ആകെ രണ്ട് കോമ്പിനേഷന്‍ സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ക്യാരക്ടര്‍ ഊട്ടിയിലും അജിത്തിന്റെ ക്യാരക്ടര്‍ രാജസ്ഥാനിലുമാണല്ലോ. ക്ലൈമാക്‌സിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്.

പക്ഷേ, തമ്മില്‍ കാണാതെ ആ രണ്ട് കഥാപാത്രങ്ങളുടെ പ്രണയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കാതല്‍ കോട്ടൈക്ക് മുമ്പ് എനിക്ക് എടുത്തുപറയാന്‍ വലിയ ഹിറ്റുകള്‍ ഉണ്ടായിരുന്നില്ല. അജിത്തിനും ഏതാണ്ട് അതേ അവസ്ഥയായിരുന്നു. ഈ പടം വര്‍ക്കായില്ലെങ്കില്‍ സിനിമ മതിയാക്കാം, മുംബൈയിലേക്ക് തിരിച്ചുപോകാം എന്നൊക്കെ തീരുമാനിച്ചിരുന്നു. പക്ഷേ, പടം വന്‍ ഹിറ്റായി,’ ദേവയാനി പറയുന്നു.

Content Highlight: Devayani Saying Kadhal Kottai movie changed her career

Latest Stories

We use cookies to give you the best possible experience. Learn more