മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ് വാഴ 2. എടുത്തുപറയാന്‍ വലിയ സ്റ്റാര്‍ കാസ്റ്റും വമ്പന്‍ ബജറ്റുമില്ലാതെയെത്തിയ ചിത്രം ഇതിനോടകം 200 കോടിയിലേറെ നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമെന്ന റെക്കോഡും വാഴ 2ന്റെ പേരിലാണ്.

എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടാകുന്ന തരത്തിലാണ് സംവിധായകന്‍ സവിന്‍ സായും തിരക്കഥാകൃത്ത് വിപിന്‍ ദാസും വാഴ 2 അണിയിച്ചൊരുക്കിയത്. പ്രധാന കഥാപാത്രങ്ങളായ ഹാഷിറിന്റെയും കൂട്ടരുടെയും ബാല്യം മുതല്‍ കൗമാരം വരെയുള്ള കാര്യങ്ങളാണ് ചിത്രം പറയുന്നത്. വാഴ 2 കണ്ട പലരും ശ്രദ്ധിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ദേവരാജ് അവതരിപ്പിച്ച സജിന്‍.

ദേവരാജ് Photo: Screen grab/ Club FM

യുറേക്ക സ്റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ശ്രദ്ധ നേടിയ സജിന്‍ കുറച്ച് സീനുകള്‍ കൊണ്ട് മനസില്‍ തങ്ങിനില്‍ക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. കുടുംബത്തിന് വേണ്ടി ചെറിയ പ്രായത്തില്‍ തന്നെ അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് പണിയെടുക്കേണ്ടി വരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധിയാണ് സജിന്‍. വാഴ 2ന് ശേഷം തനിക്ക് ലഭിച്ച മെസേജുകളെക്കുറിച്ച് സംസാരിക്കുകയാണ് ദേവരാജ്.

‘കുറച്ച് സീന്‍ മാത്രമേ ഉള്ളൂവെങ്കിലും എന്റെ കഥാപാത്രം പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ സാധിച്ചു എന്ന് മെസേജുകള്‍ വരാറുണ്ട്. അതില്‍ കൂടുതലും പ്രവാസികളായിട്ടുള്ളവരാണ്. ഒരാളുടെ മെസേജ് എനിക്ക് വല്ലാത്തൊരു ഫീല്‍ തന്നു. പതിനാലാമത്തെ വയസില്‍ ദുബായില്‍ പണിക്ക് പോയ ആളാണെന്ന് പറഞ്ഞാണ് തുടങ്ങിയത്. ആ പ്രായത്തില്‍ എങ്ങനെ പണി കിട്ടും, പഠിത്തമൊക്കെ എന്തായി എന്ന് ചോദിച്ചു.

ദേവരാജ് Photo: Screen grab/ Think Music India

 

അതിനെക്കുറിച്ച് ഒന്നും അയാള്‍ പറഞ്ഞില്ല. ഈ പടത്തില്‍ ഞാന്‍ ഹെല്‍മെറ്റ് ഊരി സൂര്യനെ നോക്കുന്ന ഒരു ഷോട്ടുണ്ടല്ലോ. അതിനെപ്പറ്റിയാണ് അയാള്‍ സംസാരിച്ചത്. ‘ബ്രോ ഈ സിനിമയില്‍ ഹെല്‍മെറ്റെല്ലാം ഊരി നിന്നതുപോലെ ഞാനും പതിനഞ്ച് വര്‍ഷം മുമ്പ് നിന്നിട്ടുണ്ടായിരുന്നു. സിനിമ കണ്ടപ്പോള്‍ അതെല്ലാം ഓര്‍മ വന്നു’ എന്നായിരുന്നു അഭിപ്രായം പങ്കുവെച്ചത്. അതെല്ലാം മനസില്‍ തങ്ങുന്ന കാര്യങ്ങളാണ്,’ ദേവരാജ് പറഞ്ഞു.

ഇത്തരത്തില്‍ ഒരുപാട് ആളുകളുടെ മെസേജ് തനിക്ക് ലഭിച്ചിരുന്നെന്നും അതെല്ലാം സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദേവരാജ് പറയുന്നു. ചിത്രം വിജയിക്കുമെന്ന് അറിയാമായിരുന്നെന്നും എന്നാല്‍ ഇത്ര കളക്ഷന്‍ പ്രതീക്ഷിച്ചില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദേവരാജ് ഇക്കാര്യം പറഞ്ഞത്.

Content Highlight: Devaraj shares the reviews he got for Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ