തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് വാഴ 2. ആദ്യഭാഗം നേടിയ കളക്ഷന്റെ ഇരട്ടിയിലധികം വെറും ഒരാഴ്ചകൊണ്ട് മറികടക്കാന്‍ വാഴ 2ന് സാധിച്ചു. ബോക്‌സ് ഓഫീസില്‍ ഇതുവരെ 80 കോടിക്കുമുകളിലാണ് ചിത്രം നേടിയത്. മലയാളത്തില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി വാഴ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഒരുകൂട്ടം യുവാക്കളാണ് വാഴ 2ല്‍ പ്രധാനവേഷത്തിലെത്തിയത്. ആദ്യഭാഗത്തില്‍ കുറച്ച് സീനുകളില്‍ മാത്രം വന്നുപോയ ഹാഷിറും ഗ്യാങ്ങുമാണ് രണ്ടാം ഭാഗത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം അമീന്‍, നിഹാല്‍, ദേവരാജ്, ശബരി തുടങ്ങിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
ദേവരാജ് Photo: Screen grab/ Think Music India
ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചവരില്‍ ഒരാളായിരുന്നു ദേവരാജ്. യുറേക്ക സ്‌റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ശ്രദ്ധ നേടിയ ദേവരാജ് കുറച്ചുസീനുകള്‍ കൊണ്ട് മനസില്‍ തങ്ങിനില്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. റീലുകള്‍ ചെയ്യാന്‍ ഏറ്റവുമധികം സ്വാധീനിച്ചത് ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ദേവരാജ്.
‘കാണുന്ന സിനിമകളെല്ലാം ഞങ്ങളെ സ്വാധീനിക്കാറുണ്ട്. ചെറുപ്പം മുതല്‍ പല സിനിമകളും കണ്ടിട്ട് അതിന്റെയെല്ലാം ഒരു ഇന്‍ഫ്‌ളുവന്‍സുണ്ടാകാറുണ്ട്. അന്ന് അത്ര സീരിയസല്ലായിരുന്നു. പിന്നീട് വീഡിയോസ് ചെയ്ത് തുടങ്ങിയ സമയത്ത് ശ്രീനിവാസന്‍ സാറിന്റെ എഴുത്തും ഡയലോഗുമെല്ലാം സ്വാധീനിച്ചിരുന്നു. ശ്രീനിവാസന്‍- മോഹന്‍ലാല്‍ സിനിമകളായിരുന്നു അതില്‍ മെയിന്‍.
ദേവരാജ് Photo: Screen grab/ Berkshire dream house
ചെറുപ്പത്തിലൊക്കെ ആ സിനിമകള്‍ കാണുമ്പോള്‍ അതിന്റെ കഥയെക്കുറിച്ചൊന്നും ചിന്തിക്കാറില്ലായിരുന്നു. നാടോടിക്കാറ്റ്, സന്ദേശം പോലുള്ള സിനിമകള്‍ ചെറുപ്പത്തില്‍ കാണുമ്പോള്‍ അതിന്റെ കഥ എങ്ങനെ ഉണ്ടായി എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. പിന്നീട് ഇതിനെയൊക്കെ സീരിയസായി കണ്ടു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ വലിപ്പം മനസിലായത്. സിനിമയില്‍ ശ്രീനിവാസന്‍ സാറാണെങ്കില്‍ റിയല്‍ ലൈഫില്‍ അച്ഛനാണ് ഇന്‍സ്പിറേഷനായിട്ടുള്ളത്,’ ദേവരാജ് പറയുന്നു.
യുറേക്ക സ്റ്റോറീസിലെ ഉണ്ണി നമ്പൂതിരി, നിന്നിഷ്ടം എന്നിഷ്ടം എന്നീ സീരീസുകളിലെല്ലാം ഗംഭീര പെര്‍ഫോമന്‍സായിരുന്നു ദേവരാജ് കാഴ്ചവെച്ചത്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വത്തിലൂടെയായിരുന്നു ദേവരാജിന്റെ ബിഗ് സ്‌ക്രീന്‍ എന്‍ട്രി. വാഴ 2ലൂടെ ദേവരാജിലെ പെര്‍ഫോമറെ സിനിമാലോകം അടയാളപ്പെടുത്തിയിരിക്കുകയാണ്.
Content Highlight: Devaraj saying Sreenivasan’s movies influenced him