സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബിയുടെ തുടര്‍ച്ചയായാണ് ബിലാല്‍ ഒരുങ്ങുന്നത്. 2017ലാണ് സംവിധായകന്‍ അമല്‍ നീരദ് ബിലാല്‍ അനൗണ്‍സ് ചെയ്തത്. എന്നാല്‍ എട്ട് വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിട്ടില്ല. ബിലാലിന്റെ പ്രീ പ്രൊഡക്ഷനടക്കം കഴിഞ്ഞെന്നും ഷൂട്ട് തുടങ്ങാറായപ്പോഴാണ് കൊവിഡ് വന്നതെന്നും പറയുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജി.
ബിലാലിന് വേണ്ടിയുള്ള ലൊക്കേഷനുകള്‍ നോക്കിയെന്നും ഒരാഴ്ച കഴിഞ്ഞാല്‍ ഷൂട്ട് തുടങ്ങുമെന്ന് ഉറപ്പായി നിന്നപ്പോഴാണ് കൊവിഡ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ട് തുടങ്ങണമെങ്കില്‍ കൊവിഡ് മാറണമെന്നും അതിന് ഒരുപാട് സമയമെടുക്കുമെന്ന് മനസിലായെന്നും ദേവദത്ത് ഷാജി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ആലോചിച്ച മറ്റൊരു പ്രൊജക്ടാണ് ഭീഷ്മപര്‍വമെന്നും അദ്ദേഹം പറയുന്നു.
ഒരുപാട് കാലമായി അമല്‍ നീരദ് മനസില്‍ കൊണ്ട് നടന്ന ചിന്തയായിരുന്നു ഹോളിവുഡ് ചിത്രമായ ഗോഡ്ഫാദറും മഹാഭാരതവും തമ്മിലുള്ള ഒരു കൂട്ടിമുട്ടലെന്നും അദ്ദേഹം പറഞ്ഞു. ആ ചിന്ത തന്നോട് പങ്കുവെച്ചെന്നും അത് പിന്നീട് തങ്ങള്‍ സ്‌ക്രിപ്റ്റാക്കി മാറ്റിയെന്നും ദേവദത്ത് ഷാജി പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിലാലിന്റെ പ്രീ പ്രൊഡക്ഷനൊക്കെ കഴിഞ്ഞതായിരുന്നു. ലൊക്കേഷനുകള്‍ നോക്കി, ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വാങ്ങി, അങ്ങനെയെല്ലാം ചെയ്തു. അടുത്തയാഴ്ച മമ്മൂക്കയുടെ ഫോട്ടോഷൂട്ടും അതിന്റെ അടുത്തയാഴ്ച പടത്തിന്റെ ഷൂട്ടും തുടങ്ങാമെന്ന് പ്ലാന്‍ ചെയ്തു. അപ്പോഴാണ് കൊവിഡ് വന്നത്. ഒന്നും ചെയ്യാന്‍ പറ്റാതെ ലോക്കായി നില്‍ക്കുന്ന അവസ്ഥയായി.
ഇനി ലോക്ക്ഡൗണ്‍ മാറിയാലും ഷൂട്ട് നടക്കുമോ എന്നായിരുന്നു ഡൗട്ട്. കാരണം, ഒരുപാട് ലൊക്കേഷന്‍ ആവശ്യമുള്ള പടമായിരുന്നു ബിലാല്‍. എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നപ്പോഴാണ് അമലേട്ടന്‍ ഒരുപാട് കാലമായിട്ട് മനസില്‍ കൊണ്ടുനടന്ന ഒരു ഐഡിയ ഷെയര്‍ ചെയ്തത്. ‘ഗോഡ്ഫാദര്‍ മീറ്റ്‌സ് മഹാഭാരത’ എന്ന ഐഡിയ പങ്കുവെച്ചു. അത് നല്ല ഒരു ചിന്തയായി തോന്നി. ആ ത്രെഡ്ഡിനെ സ്‌ക്രിപ്റ്റാക്കി മാറ്റിയതാണ് ഭീഷ്മപര്‍വം,’ ദേവദത്ത് ഷാജി പറഞ്ഞു.
15 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പര്‍വം. മൈക്കള്‍ അഞ്ഞൂറ്റി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ബോക്‌സ് ഓഫീസിലും വന്‍ വിജയമായി ഭീഷ്മ പര്‍വം മാറി.
Content Highlight: Devadath Shaji about Bheeshma Parvam movie