ഫൈനലില്‍ തോറ്റാലും രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ചാമ്പ്യന്മാരെ പോലെയായിരുന്നു; പ്രശംസയുമായി ഗംഭീര്‍
Cricket news
ഫൈനലില്‍ തോറ്റാലും രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ചാമ്പ്യന്മാരെ പോലെയായിരുന്നു; പ്രശംസയുമായി ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th December 2023, 1:50 pm

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. എ.എന്‍.ഐ പോഡ്കാസ്റ്റ് വിത്ത് സ്മിത പ്രകാശ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

‘ കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ നിലയില്‍ രോഹിത് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഐ.പി.എല്ലില്‍ അഞ്ച് തവണ ചാമ്പ്യന്‍മാര്‍ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ കളിച്ചത് ചാമ്പ്യന്മാരെ പോലെയായിരുന്നു. ഫൈനലിലെ റിസള്‍ട്ട് എന്തായാലും ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു. ഒരു ദിവസത്തെ മോശം പ്രകടനങ്ങള്‍ ഒരിക്കലും രോഹിത്തിനെ ഒരു മോശം ക്യാപ്റ്റന്‍ ആക്കില്ല,’ ഗംഭീര്‍ പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിനോടൊപ്പമുള്ള രോഹിത് ശര്‍മയുടെ ഭാവിയെകുറിച്ചും ഗംഭീര്‍ പറഞ്ഞു.

‘ രോഹിത് മികച്ച ഫോമില്‍ ആണെങ്കില്‍ 2024ല്‍ നടക്കുന്ന ടി-20 ലോകകപ്പിലും ഇന്ത്യയെ അവന്‍ നയിക്കണം. ടീമില്‍ കളിക്കാരന്‍ എന്ന നിലയില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചതിനുശേഷമാണ് നായകസ്ഥാനം ലഭിക്കുക. ഒരു ടീമിലേക്ക് ക്യാപ്റ്റനെ പ്ലെയിങ് ഇലവനില്‍ സ്ഥിരമായ സ്ഥാനം ഉണ്ടാവണം. ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നത് പ്രായത്തെ നോക്കിയല്ല അവരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാവണം,’ ഗംഭീര്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ ലോകത്ത് ചര്‍മ്മയുടെ കീഴില്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരങ്ങളില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങള്‍ വിജയിച്ചു കൊണ്ടായിരുന്നു ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ച് നീണ്ട 12 വര്‍ഷത്തിനുശേഷം രോഹിത്തിന്റെ മികവില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു രോഹിതും സംഘവും.

ലോകകപ്പിന് ശേഷം നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പരയില്‍ രോഹിത് കളിച്ചിരുന്നില്ല. സൗത്താഫ്രിക്കെതിരെ നടക്കുന്ന ഏകദിനത്തിലും ടി-20യിലും രോഹിത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.

അതേസമയം സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിന് നയിക്കാന്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തും.ഡിസംബര്‍ 26നാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.

content highlights; Despite losing the final, India looked like champions under Rohit; Gambhir with praise