നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി വമ്പന്‍ തയ്യാറെടുപ്പിലാണ് റൊണാള്‍ഡോയും സംഘവും. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ വിജയിച്ച് തങ്ങളുടെ ആധിപത്യം തുടരാനാണ് പോര്‍ച്ചുഗലിന്റെ ലക്ഷ്യം. ലീഗില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും സ്വന്തമാക്കി 14 പോയിന്റ് നേടിയാണ് പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
റൊണാള്‍ഡോയെ നായകനാക്കി പ്രഖ്യാപിച്ച 26 അംഗങ്ങളുള്ള സ്‌ക്വാഡില്‍ സ്റ്റാര്‍ ഡിഫന്റര്‍ റൂബന്‍ ഡയസ് തിരിച്ചെത്തിയത് ടീമിനെ കൂടുതല്‍ ശക്തമാക്കുന്നതാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ഡയസ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു.
ഇത്തവണ ഡന്‍മാര്‍ക്കിനെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഫോം കണ്ടെത്താനാണ് റോണോയും സംഘവും ഇറങ്ങുന്നത്. നിലവില്‍ അല്‍ നസറിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് റോണോ മുന്നേറുന്നത്. ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയാണ് റോണാ ആധിപത്യം തുടരുന്നത്. 927 ഗോളുകളാണ് താരം ഇതുവരെ നേടിയത്. 1000 ഗോള്‍ എന്ന തന്റെ ലക്ഷ്യത്തിലേക്കാണ് താരം ഉറ്റുനോക്കുന്നത്.