തിരുവനന്തപുരം: പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പ് വെക്കാത്തതിന്റെ പ്രതികാര നടപടിയായി കേന്ദ്രം കേരളത്തിനുള്ള ഫണ്ട് നിഷേധിക്കുന്നതായി വിവരം. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ‘സമഗ്രശിക്ഷ കേരളം’ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയതായാണ് വിവരം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷയ്ക്ക് 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാന വിഹിതവുമാണ് ലഭിക്കുന്നത്. അതില്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം മുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
രണ്ട് മാസമായി ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ ദുരിതത്തിലാണെന്നാണ് വിവരം. സ്‌കൂളുകള്‍ നേരിട്ട് ശമ്പളം നല്‍കുന്ന സി.ആര്‍.സിമാര്‍ ഒഴികെയുള്ളവര്‍ക്ക് രണ്ടു മാസമായി ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ പദ്ധതിക്ക് 2023, 24വര്‍ഷങ്ങള്‍ മുതല്‍ ലഭിക്കേണ്ട 1504.82 കോടി രൂപ നിലവില്‍ ധാരണാ പത്രത്തില്‍ ഒപ്പ് വെക്കാത്തതിനാല്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം വിദ്യാഭ്യാസത്തില്‍ വര്‍ഗീയവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് പി.എം ശ്രീ ധാരണപത്രത്തില്‍ കേരളം ഒപ്പുവയ്ക്കാത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം സമയബന്ധിതമായി ലഭ്യമാകുന്നതിനാലാണ് കേരളത്തില്‍ പ്രധാന സമഗ്രശിക്ഷ പദ്ധതികള്‍ മുടങ്ങാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പി. എം ശ്രീ ധാരണപത്രത്തില്‍ ഒപ്പുവയ്ക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 328.9 കോടി രൂപ കേന്ദ്രം നിഷേധിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സംസ്ഥാനതല ഉദ്യോഗസ്ഥര്‍, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍ (14), ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍ (60), ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ ഡിനേറ്റര്‍മാര്‍ (168), പരിശീലകര്‍ (500), സി.ആര്‍.സിമാര്‍ (1344), സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (600), സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ (2724), ഓഫീസ് സ്റ്റാഫ് (800) എന്നിവരടക്കം ഏകദേശം 7,000 പേര്‍ സമഗ്രശിക്ഷ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlight: Denial of funds as a revenge move by the Center government; samagrashiksha Kerala employees facing without salary for two months