കണ്ണൂരിനെ ഭയപ്പെടുത്തി ഡെങ്കിപ്പനിയും
അന്ന കീർത്തി ജോർജ്

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികള്‍ ചികിത്സയിലുള്ള കണ്ണൂരില്‍ ഡെങ്കിപ്പനിയുടെ ഭീഷണികള്‍ കൂടി ഉയര്‍ന്നിരിക്കുകയാണ്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കണ്ണൂരില്‍ സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളുടെ എണ്ണം 33 ആണ്, സംശയത്തിലുള്ളവരുടെ എണ്ണം 155ഉം.

കണ്ണൂരിലെ മലയോര മേഖലകളിലാണ് പ്രധാനമായും ഡെങ്കിപ്പനി സ്ഥിരീകരിച്ചരിക്കുന്നത്. അലക്കോട്, പുളിങ്ങോം, നടുവില്‍, ഇരിട്ടി എന്നിവിടങ്ങളിലാണ് ഈ വര്‍ഷം ഡെങ്കുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഡിസ്ട്രിക്റ്റ് സര്‍വൈലന്‍സ് ഓഫീസര്‍ ആയ ഡോ.ഷാജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലയോര മേഖലകളിലല്ല ഇപ്രാവശ്യം കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019ല്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സ്ഥിരീകരിച്ച ഡെങ്കുകേസുകള്‍ 9 എണ്ണം മാത്രമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ ഇതിന്റെ നാലിരട്ടിയോളമാണ്, 33 കേസുകള്‍. സംശയമുള്ളവരുടെ കാര്യവും സമാനമായ രീതിയിലാണ് 2019ലെ 51ല്‍ നിന്ന് 155ല്‍ എത്തിയിരിക്കുന്നു കണക്കുകള്‍. അതേസമയം 2018ല്‍ സംശയമുള്ളവരുടെ എണ്ണം 185ഉം സ്ഥിരീകരിച്ചത് 53മായിരുന്നു.

മുന്‍ വര്‍ഷങ്ങളിലെ ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു ഔട്ട് ബ്രേക്കിനുള്ള സാധ്യതകളില്ലെങ്കിലും കൃത്യമായ മുന്നൊരുക്കങ്ങളാണ് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. ജില്ലാ വെക്ടര്‍ ബോണ്‍ ഡീസിസ് കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഡെങ്കു ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി രോഗവ്യാപനം തടയാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി, പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കിവരികയാണെന്നും ഡോ. ഷാജ് അറിയിച്ചു.

കൊതുകുകള്‍ വഴി പകരുന്ന ഡെങ്കിപ്പനി കേരളത്തില്‍ വര്‍ഷങ്ങളായി ചെറുതല്ലാത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2015 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്്. ഇത് ഏറ്റവും കൂടുതലായത് 2017ലായിരുന്നു. 2017ല്‍ 19,994 കേസുകള്‍ വരുകയും 37 പേര്‍ മരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഓരോ വര്‍ഷവും ഡെങ്കിപ്പനിയെ നേരിടാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കാറുണ്ട്.

കൊവിഡ്19 നെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് കണ്ണൂരിലെ മുഴുവന്‍ ആരോഗ്യസംവിധാനങ്ങളും. ഇതിനിടയില്‍ മറ്റു പകര്‍ച്ചവ്യാധികള്‍ കൂടി പടരാന്‍ തുടങ്ങിയാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രമകരമായിരിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.