അനധികൃത നിർമിതികൾ പൊളിക്കുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെ തുടങ്ങും; ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി
India
അനധികൃത നിർമിതികൾ പൊളിക്കുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെ തുടങ്ങും; ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി
മുഹമ്മദ് നബീല്‍
Monday, 27th April 2026, 11:20 am

പാട്ന: സർക്കാർ ഭൂമിയിലെ അനധികൃത നിർമിതികൾ പൊളിച്ചുനീക്കുന്നത് സ്വന്തം വീട്ടിൽനിന്നുതന്നെ തുടങ്ങുമെന്ന് ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. മുഖ്യമന്ത്രി ആയതിന്ശേഷം ആദ്യമായി നടത്തുന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് സാമ്രാട്ട് ചൗധരി ഈ പ്രഖ്യാപനം നടത്തിയത്.

‘ഒരു ആഴ്‌ച മുമ്പ് എനിക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം എന്റെ വീടിരിക്കുന്ന താരാപ്പൂരിൽ, ഭരണകൂടം എന്റെ വീടിന്റെ പടികൾ പോലും പൊളിച്ചുനീക്കാൻ ഒരുങ്ങുകയാണ്. ഭൂമി ഒരു വ്യക്തിയുടേതാണെങ്കിൽ പ്രശ്‌നമില്ല എന്നാൽ സർക്കാർ ഭൂമിയിലാണ് വീട് നിർമിച്ചിരിക്കുന്നതെങ്കിൽ അത് തീർച്ചയായും പൊളിച്ചുനീക്കിയിരിക്കണം എന്നതാണ് നിയമം,’ അദ്ദേഹം പറഞ്ഞു.

ഓരോ പഞ്ചായത്തിലും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ മാസവും രണ്ട് ദിവസത്തെ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഏതെങ്കിലും ഉദ്യോഗസ്ഥൻ ഫയലുകൾ ഒരു മാസത്തിൽ കൂടുതൽ കൈവശം വെച്ചാൽ അവർക്കെതിരെയും നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി വിഭാവനം ചെയ്ത വികസിത ബീഹാർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുൻഗാമിയായ നിതീഷ് കുമാർ ബീഹാറിന്റെ വികസനത്തിനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ ഇനി ആ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബ്രിട്ടനുമായുള്ള ബന്ധം ആരോപിച്ച് ഖലീലാബാദിൽ സാമ്രാട്ട് ചൗധരിയുടെ ഭരണകൂടം മദ്രസ പൊളിച്ചുനീക്കിയതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. 2013 ൽ ബ്രിട്ടീഷ് പൗരത്വം നേടിയ മൗലാന ഷംസുൽ ഹുദാ ഖാനുമായി ഈ മദ്രസയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മദ്രസ പൊളിച്ചുനീക്കിയത്.

20 വർഷത്തോളം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന് പകരക്കാരനായി ഏപ്രിൽ 15 നാണ് സാമ്രാട്ട് ചൗദരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിതീഷ്‌കുമാർ രാജിവച്ചതോടെ എൻ.ഡി.എ സഖ്യം ബീഹാർ ജനതയെ പറ്റിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

Content Highlight:Demolition of illegal structures will start from one’s own home: Bihar Chief Minister Samrat Chaudhary

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം