കള്ളങ്ങളും അക്രമങ്ങളും രക്തച്ചൊരിച്ചലുംകൊണ്ട് വാര്‍ത്തെടുത്ത ഒരു നിര്‍മിതിക്കാണ്‌ മോദി അടിത്തറയിട്ടത്‌
Communalism
കള്ളങ്ങളും അക്രമങ്ങളും രക്തച്ചൊരിച്ചലുംകൊണ്ട് വാര്‍ത്തെടുത്ത ഒരു നിര്‍മിതിക്കാണ്‌ മോദി അടിത്തറയിട്ടത്‌
സിദ്ധാര്‍ത്ഥ് വരദരാജന്‍
Friday, 7th August 2020, 6:00 pm

സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ ഒരിക്കലും പങ്കാളികളായിട്ടില്ലാത്ത അപകടകാരികളായ കുറച്ചാളുകള്‍ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആചരിക്കുന്ന ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതിന് ബോധപൂര്‍വം തിരഞ്ഞെടുത്ത ദിവസമാണ് ആഗസ്ത് അഞ്ച്. നീതിയുടെയും ന്യായത്തിന്റെയും മുകളില്‍ അക്രമവും അനീതിയും വിജയം വരിച്ച, യാഥാര്‍ഥ്യത്തിനും സത്യത്തിനും ഉപരിയായി സങ്കല്‍പങ്ങളും കെട്ടുകഥകളും ആധിപത്യമുറപ്പിച്ച, നവീകരണത്തിനും സമുദ്ധാരണത്തിനും മേല്‍ തെമ്മാടിത്തം ആഘോഷിക്കപ്പെട്ടതിന്റെ ഓര്‍മദിവസമായാവും ചരിത്രത്തില്‍ ഈ ദിവസം ഇനി രേഖപ്പെടുത്തുക.

അന്നേ ദിവസം ഇന്ത്യ ഉറങ്ങുമ്പോള്‍ കശ്മീര്‍ ജനത ഉണര്‍ന്നത് കര്‍ഫ്യൂവിലേക്കും സ്വാതന്ത്ര്യനിഷേധത്തിലേക്കുമായിരുന്നു. ഈ ദിവസം 450 വര്‍ഷം നിലകൊണ്ട ഒരു പള്ളി തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്തതിന് ജയിലില്‍ കഴിയേണ്ടിയിരുന്ന ഒരു കൂട്ടം ക്രിമിനലുകള്‍ അയോധ്യയില്‍ എത്തി അതേ സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള സ്വാതന്ത്ര്യത്തിന്റെ വെയില്‍കായുകയായിരുന്നു. അവരുടെ അമ്പലം- രാമെന്റയോ, രാജ്യത്തിന്റെയോ അല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, മോദിയുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘം ‘മതേതര’ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അസ്തിവാരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അവശേഷിപ്പുകള്‍ കുഴിച്ചുമൂടുകയായിരുന്നു.

ഭരണഘടനയുടെ അവശേഷിപ്പുകള്‍ എന്നുപറഞ്ഞത്, ആ മഹാരേഖയുടെ പ്രസക്തഭാഗങ്ങള്‍ നേരത്തേതന്നെ ദാല്‍ തടാകത്തിന്റെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തി എന്നതുകൊണ്ടാണ്. 370, 35 എ വകുപ്പുകള്‍ കഴിഞ്ഞ ആഗസ്റ്റില്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭരണഘടനയുടെ താളുകള്‍ ചീന്തിയെറിയെപ്പെട്ടിരുന്നു.

നരേന്ദ്ര മോദി യാഥാര്‍ഥ്യമാക്കാനൊരുങ്ങുന്ന ‘പുതിയ ഇന്ത്യ’ എങ്ങനെയാണ് പൗരന്മാരെ (കശ്മീരിലും മറ്റെവിടെയും) മൗലികാവകാശമില്ലാത്തവരാക്കുന്നതെന്നും ഹിന്ദുത്വ വാദികള്‍ക്ക് തങ്ങളുടെ അതിക്രമങ്ങളെ ‘ദേശീയ’ പദ്ധതിയായി അവതരിപ്പിക്കാനാവുന്നതെന്നും മനസ്സിലാക്കിത്തരുന്നതാണ് ഈ രണ്ട് ചെയ്തികളും.സുപ്രീംകോടതിയുടെ തലോടലില്ലാതെ അത് സാധ്യമാകുമായിരുന്നില്ല. പക്ഷേ, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ കുറ്റകൃത്യങ്ങളില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എന്നില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്.

ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഭരണകക്ഷിയായ ഭാരതീയ ജനത പാര്‍ട്ടിയുടെ രണ്ട് പെരും നുണകള്‍ പ്രചരിപ്പിക്കാന്‍ അവരെ വലിയ രീതയില്‍ സഹായിക്കുകയായിരുന്നു.

അതില്‍ ഒന്നാമത്തേത് സംഘ പരിവാറിനുവേണ്ടി സംഘപരിവാര്‍ നിര്‍മ്മിക്കുന്ന സംഘപരിവാര്‍ ക്ഷേത്രം സത്യത്തില്‍ ഒരു ‘ഹിന്ദു’ ക്ഷേത്രമാണെന്നാണ്. കൂടുതല്‍ ആലങ്കാരികമായി പറഞ്ഞാല്‍ ‘ഇന്ത്യന്‍’ ക്ഷേത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍.

രണ്ടമാത്തേത് ഭരണഘടനയുടെ 370ാം വകുപ്പും 35എയും റദ്ദാക്കി, ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി ഇല്ലാതാക്കുന്നത് ഭീകരവിരുദ്ധ പോരാട്ടത്തെ സഹായിക്കാനാണെന്നതാണ്. ഇതുവഴി സാമ്പത്തിക പുരോഗതി കൈവരിച്ച് ആ മുന്‍ സംസ്ഥാനത്തിലെ ജനങ്ങളെ യഥാര്‍ഥ ഇന്ത്യക്കാരാക്കി മാറ്റാനും തങ്ങള്‍ ലക്ഷ്യമിടുന്നു എന്ന നുണ പ്രചരിപ്പിക്കാനും മാധ്യമങ്ങള്‍ കൂട്ടു നിന്നു.

ഏതു തലതിരിഞ്ഞ ജ്യോതിഷ്യ സിദ്ധാന്തത്തിന്റെ പേരിലാണ് ഈ രണ്ട് വന്‍ നുണകളെ ഈ ദിവസത്തില്‍ ബന്ധിപ്പിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ, അവരുടെ ‘പുതു ഇന്ത്യ’യുടെ തുടക്ക ദിവസമായി തെരഞ്ഞെടുത്ത ആര്‍.എസ്.എസിന് തീര്‍ച്ചയായും അവരുടേതായ ഒരു ആഖ്യാന പദ്ധതിയുണ്ടാകുമെന്ന് നമുക്ക് മനസിലാക്കാവുന്നതേയൂള്ളൂ.ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം സ്ഥാപിക്കുക എന്നത് അന്നും എന്നും ഒരു ആര്‍.എസ്.എസ് ബി.ജെ.പി പ്രചാരണായുധമായിരുന്നു.

1980കളുടെ മധ്യം മുതല്‍ 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കും വരെ ആര്‍.എസ്.എസിന്റെ സംഘബലത്തെ വന്‍തോതിലുള്ള പ്രത്യക്ഷ പ്രക്ഷോഭങ്ങള്‍ക്കായി ബി.ജെ.പി ഉപയോഗപ്പെടുത്തിയിരുന്നു.

ഇതുവഴി സാധ്യമാക്കിയ വര്‍ഗീയ ധ്രുവീകരണം 1984ല്‍ രണ്ട് സീറ്റിലൊതുങ്ങിയിരുന്ന പാര്‍ലമെന്ററി സാന്നിധ്യം 1989ല്‍ 85 ആയും ഒരു പതിറ്റാണ്ടിനു ശേഷം 182 ആയും വര്‍ധിപ്പിക്കാന്‍ ബി.ജെ.പിയെ സഹായിച്ചു. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായ അക്കാലത്തുപോലും അവരുടെ വോട്ടുവിഹിതം 24 ശതമാനത്തിനു മുകളിലേക്ക് പോയിരുന്നില്ല.

ഒരു ദശകത്തിനിപ്പുറം അത് 18 ശതമാനമായി ഇടിഞ്ഞെങ്കിലും നരേന്ദ്ര മോദിയിലൂടെ വോട്ട് വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി. അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെ ഒരുപാട് വാഗ്ദാനങ്ങള്‍ നിരത്തിയ പ്രകടനപത്രികയുള്ള ഈ പാര്‍ട്ടിക്ക് അനുകൂലമായി 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ 37 ശതമാനം ഇന്ത്യക്കാര്‍ വോട്ടുരേഖപ്പെടുത്തി.ക്ഷേത്രത്തിനായുള്ള സ്വീകരാത്യതയുടെ യഥാര്‍ഥ കണക്കെടുക്കാന്‍ നമുക്ക് മുന്നിലെ പ്രകടമായ അളവുകോല്‍ വോട്ട് വിഹിതം മാത്രമാണ് എന്നതുകൊണ്ടാണ് അതിവിടെ പരാമര്‍ശിച്ചത്.

ആഗസ്റ്റ് അഞ്ചിന് മോദി ശിലയിട്ട ക്ഷേത്രം ദീര്‍ഘകാലമായുള്ള ഒരു ദേശീയതാല്‍പര്യത്തിന്റെ സഫലീകരണമായിരുന്നുവെന്ന ഇപ്പോള്‍ നമ്മുടെ മുന്നില്‍നിന്ന് ബി.ജെ.പിക്കും ആര്‍.എസ്.എസിനും പുറമെ ടി.വി അവതാരകരും ആവര്‍ത്തിക്കുകയാണ്. ഇതിനെ പച്ചക്കള്ളമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല.

നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന് സമാപ്തി കുറിക്കുകയാണിന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സംഘത്തിന്റെ ‘പോരാട്ടം’ വെറും 35 വര്‍ഷം മാത്രം പഴക്കമുള്ളതാണ് എന്ന സത്യം മറച്ചുവെച്ചുകൊണ്ടാണിത് പറയുന്നത്. ഈ ദിവസത്തിനായി തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നത് ഒരുപാട് ആളുകള്‍ക്ക് അവിശ്വസനീയമായി തോന്നും എന്നുറപ്പുണ്ട് എന്നും അദ്ദേഹം പറയുന്നു.

പക്ഷേ, ആയിരക്കണക്കിനാളുകള്‍ ഈ ദിവസം കാണുവാന്‍ അവശേഷിച്ചിരിപ്പില്ല എന്നതാണ് പറയാതിരുന്ന കാര്യം. കാരണം സംഘ്പരിവാറിന്റെ ക്ഷേത്ര പ്രക്ഷോഭം കൊളുത്തിവിട്ട അതിക്രമങ്ങള്‍ ആ മനുഷ്യരെ കൊലയ്ക്ക് കൊടുത്തിരുന്നു.

സി.ബി.ഐക്കു മുകളിലുള്ള തന്റെ സ്വാധീനം വഴി ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ ഗൂഢാലോചനക്കാര്‍ക്കെതിരായ ക്രിമിനല്‍കേസില്‍ പുരോഗതി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയതുപോലെ ക്ഷേത്ര പദ്ധതിയുടെ ഗതിവേഗം കോടതിയിലൂടെ മോദി കൈക്കലാക്കി. കോടതി വിധിതന്നെ തലതിരിഞ്ഞതിന് സമാനമായിരുന്നു. മുസ്ലിംകളെ അന്യായമായും ബലം പ്രയോഗിച്ചും അവരുടെ മസ്ജിദില്‍നിന്ന് ആട്ടിപ്പായിച്ചതാണെന്നും 1992ല്‍ പള്ളി തകര്‍ത്തത് കുറ്റകൃത്യമാണെന്നും വിധി അംഗീകരിക്കുന്നുണ്ട്.

എന്നിട്ടും ആ ഭൂമി കുറ്റകൃത്യത്തിന് വിചാരണ നേരിടുന്നവര്‍ക്കായി നല്‍കി.ഇതേ ക്രിമിനല്‍ പ്രവര്‍ത്തനം തന്നെയാണ് ഈ വിചിത്രവിധിക്കും വഴിയൊരുക്കിയത. നമ്മുടെ ന്യായാധിപന്മാര്‍ ഇത്തരമൊരു വിധി പ്രസ്താവം നടത്തുമ്പോള്‍ പാതിവഴിയില്‍ നിന്നുപോയി എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഈ ക്ഷേത്ര പദ്ധതിയേയും ഇതിനോടനുബന്ധിച്ച് മാധ്യമങ്ങളുണ്ടാക്കിയ പെരുപ്പിച്ചുകൂട്ടലുകളെയും
ഇന്ത്യ എന്ന പരമാധികാര രാഷ്ട്രത്തെ ഒരു ഹിന്ദുവാര്‍പ്പിലേക്ക് മാറ്റിപ്പണിയാനുള്ള അവസരമാക്കി പ്രയോജനപ്പെടുത്തി. ഇന്ത്യയുടെ ഭരണഘടന ഒരുതരത്തിലും അനുവദിക്കാത്ത കാര്യമാണത്.

ആഗസ്റ്റ് അഞ്ചിലെ പരിപാടി ഹിന്ദുരാഷ്ട്രം എന്ന ആര്‍.എസ്.എസ് പദ്ധതി അതിന്റെ വേഗപാരമ്യത്തിലാണെന്നും വരാനിരിക്കുന്ന നാളുകളില്‍ അത് കൂടുതല്‍ ഊക്കോടെ മുന്നോട്ടുപോകുമെന്നുമുള്ളതിന്റെ കൃത്യമായ സൂചനയായിരുന്നു. ഭീകരവാദികളില്‍ ഹിന്ദുക്കളുമുണ്ടെന്ന ധാരണയെ തള്ളി പ്രജ്ഞ സിങ് ഠാകൂറിനെ ഭോപാലില്‍നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയും ‘ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ’ നിയോജക മണ്ഡലമെന്ന് വയനാട്ടിലെ വോട്ടര്‍മാരെ അപഹസിച്ചും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്തുതന്നെ മോദി ഇതു സംബന്ധിച്ച മുന്‍കൂര്‍ അറിയിപ്പും നല്‍കിയിരുന്നു.

മുത്തലാഖ് മാറ്റിനിര്‍ത്തിയാല്‍ പ്രധാനമന്ത്രിപദത്തിലെ രണ്ടാമൂഴത്തില്‍ അദ്ദേഹത്തിന്റെ പ്രഥമപ്രവൃത്തി ഇന്ത്യന്‍ഭരണകൂടത്തിന്റെ ആവശ്യകതകളെ ശരിയാംവണ്ണം പാലിച്ചു നിലനിന്നിരുന്ന ജമ്മു-കശ്മീരിലെ ഭരണഘടന സംവിധാനത്തിന്റെ കടക്കല്‍ കോടാലി വെക്കലായിരുന്നു.

ഒരു വര്‍ഷം പിന്നിടുേമ്പാള്‍ കശ്മീരികള്‍ക്ക് ‘ദേശീയോദ്ഗ്രഥനം’ എന്നാല്‍ ഇന്ത്യന്‍ ഭരണഘടന പൗരജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളുടെ നിഷേധമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണഘടനക്കുവേണ്ടി വാദിക്കാന്‍ ആരും അവശേഷിക്കുന്നില്ലെന്നാവുന്നതോടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും കാല്‍ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്ന് ക്രമേണ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെ ജനങ്ങളും കശ്മീരികള്‍ നേരിട്ടുവരുന്ന യാഥാര്‍ഥ്യത്തോട് ‘ഉദ്ഗ്രഥിക്കപ്പെടും’.

പാകിസ്താെന്റയും ഇസ്രായേലിന്റെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നതുപോലെ പൗരസ്വാതന്ത്ര്യങ്ങള്‍ക്കുപരി സ്വത്വമൂല്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന മത സാംസ്‌കാരിക ഭരണകൂടങ്ങള്‍ക്ക് ജനാധിപത്യവുമായി ഒത്തുപോകാനാവില്ല തന്നെ. ആഗസറ്റ് അഞ്ച് മോദി ഇന്ത്യക്കായി കരുതിവെച്ചിരിക്കുന്ന പാതയെ അടയാളപ്പെടുത്തുന്ന ദിവസമാണ്.

മോദിയെ ഡോണള്‍ഡ് ട്രംപിനോടോ വ്‌ലാദിമിര്‍ പുടിനോടോ ജെയിര്‍ ബാല്‍സൊനാരോയോടോ റജബ് ഉര്‍ദുഗാനോടൊ ഒക്കെ ഉപമിക്കുന്നത് വലതുപക്ഷ രാഷ്ട്രീയം തരംഗമാവുന്ന ഇക്കാലത്ത് സര്‍വസാധാരണമായിപ്പോവും. പക്ഷേ, അയാള്‍ അപകടകരമാംവിധം പിന്തുടരുന്നത് സ്ലൊബോദാന്‍ മിലോസെവിച്ചിന്റെ പാദമുദ്രകളെയാണ്.

അതാരെന്ന് ചോദിക്കുന്ന പുതുതലമുറയിലെ വായനക്കാരോട് ക്ഷമിക്കുന്നു. അയാളുടെ ദേശമായ പഴയ യുഗോസ്ലാവ്യ ഇപ്പോള്‍ അവശേഷിക്കുന്നുപോലുമില്ല.

ദീര്‍ഘകാലം ഇന്ത്യയിലെ ഐക്യരാഷ്ട്ര സഭ അംബാസഡറായിരുന്നു ഫിയോദര്‍ സ്റ്റാര്‍സെവിച്ച് നയതന്ത്ര പ്രതിനിധിയായി അദ്ദേഹം ഇന്ത്യയിലെത്തുേമ്പാള്‍ യുഗോസ്ലാവ്യന്‍ പൗരനായിരുന്നു. എന്നാല്‍, 2003ല്‍ ദല്‍ഹിയില്‍നിന്ന് വിരമിച്ച് മടങ്ങുേമ്പാള്‍ അദ്ദേഹം അറിഞ്ഞുകൂടാ, ഏതു രാജ്യത്തേക്കാണ് താന്‍ മടങ്ങിപ്പോകുന്നതെന്നായിരുന്ന പറഞ്ഞത്

മതം, വംശം, ഭാഷ എന്നിങ്ങനെ വിവേചനങ്ങളില്ലാതെ എല്ലാ പൗരജനങ്ങള്‍ക്കും തുല്യത നല്‍കുന്ന രാഷ്ട്രം എന്ന ആശയത്തെ 1990കളുടെ തുടക്കത്തില്‍ അവിടുത്തെ നേതാക്കള്‍ കൈയൊഴിയുകയായിരുന്നു. ഇപ്പോഴത്, മുമ്പുണ്ടായിരുന്ന കൊസോവോകൂടി ഉള്‍ക്കൊള്ളിച്ചാല്‍ ഏഴ് വ്യത്യസ്ത രാജ്യങ്ങളോ ഭരണമേഖലകളോ ആയിത്തീര്‍ന്നിരിക്കുന്നു.

സ്റ്റാര്‍സെവിച്ച് മടങ്ങുന്ന കാലത്ത് 2002ലെ ഗുജറാത്ത് അതിക്രമങ്ങളുടെ ഭയാനകതകളില്‍നിന്ന് ഇന്ത്യ കരകയറി വരുന്നതേയുണ്ടായിരുന്നുള്ളൂ. ഒരു രാഷ്ട്രം എങ്ങനെ ആവാതിരിക്കണം എന്നു കണ്ടു മനസ്സിലാക്കാന്‍ യുഗോസ്ലാവ്യയിലേക്കൊന്ന് കണ്ണയക്കണമെന്നായിരുന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ ആതിഥേയരാജ്യത്തോട് അദ്ദേഹം പറഞ്ഞത്.

തന്റെ കാലങ്ങളായുള്ള അനുഭവപരിജ്ഞാനത്തിന്റെ വെളിച്ചത്താല്‍ അദ്ദേഹം ഈ ഉപദേശം കൈമാറുമ്പോള്‍ ഒരാളും കരുതിയിരുന്നില്ല അതു നമ്മുടെ നാടിനെ ബാധിക്കുന്ന ഒരു സംഗതിയായിത്തീരുമെന്ന്. പക്ഷേ, ആര്‍.എസ്.എസ് അവരെയല്ലാതെ മറ്റൊന്നിനേയും ഗൗനിക്കില്ല. കള്ളങ്ങളും കുടിലതകളും അതിക്രമങ്ങളും രക്തച്ചൊരിച്ചിലുംകൊണ്ട് വാര്‍ത്തെടുത്ത ഒരു നിര്‍മിതിക്കാണ് ആഗസ്റ്റ് അഞ്ചിന് മോദി അടിത്തറയിട്ടത്.

അദ്ദേഹത്തിന് അതിനെ ക്ഷേത്രമെന്നു വിളിക്കാനായേക്കും, ഒരുപക്ഷേ, ദശലക്ഷക്കണക്കിന് മനുഷ്യരെയും അതൊരു ക്ഷേത്രമാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കാനായേക്കും. പക്ഷേ, നിയമവാഴ്ചയേയും നൈതികതയെയും ഇന്ത്യക്കാരെ പരസ്പരം ഒരുമിച്ചു നിര്‍ത്തിയ ഐക്യബോധത്തെയും തകര്‍ത്തു തരിപ്പണമാക്കാന്‍ രാഷ്ട്രീയ ജീവിതമുടനീളം വിനിയോഗിച്ച ആളുകള്‍ പടുത്തുയര്‍ത്തുന്ന ഒരു കെട്ടിടത്തില്‍നിന്ന് ആത്മീയമായതും പരിശുദ്ധവുമായതും ഒരുകാലത്തും ഉറവയെടുക്കുകയില്ല എന്ന് തീര്‍ത്തുപറയാം.

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിദ്ധാര്‍ത്ഥ് വരദരാജന്‍
Siddharth Varadarajan is a Founding Editor of The Wire. He was earlier the Editor of The Hindu and is a recipient of the Ramnath Goenka Award for Journalist of the Year. He has taught Economics at New York University and Journalism at the University of California, Berkeley, besides working at the Times of India and the Centre for Public Affairs and Critical Theory, Shiv Nadar University.