| Thursday, 11th December 2025, 5:50 pm

ദല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2021ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ജെ.എൻ.യു വിദ്യാർത്ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം.

ദല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഖാലിദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ജാമ്യത്തിന്റെ കാലാവധി.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, വീട്ടിലോ വിവാഹം നടക്കുന്ന സ്ഥലത്തോ താമസിക്കാം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ഖാലിദിന്റെ ജാമ്യാപേക്ഷ അംഗീകരിച്ചത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പായാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിന്റെയും 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും ഉറപ്പിലാണ് ഇടക്കാല ജാമ്യം.

ഡിസംബര്‍ 27നാണ് ഖാലിദിന്റെ സഹോദരിയുടെ വിവാഹം. ഡിസംബര്‍ 14 മുതല്‍ ഡിസംബര്‍ 29 വരെ ജാമ്യം വേണമെന്നായിരുന്നു ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. 2024 ഡിസംബറില്‍ ഖാലിദിന് ഏഴ് ദിവസത്തെ ജാമ്യം ലഭിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.

2025 സെപ്റ്റംബര്‍ 15ന്, ഉമര്‍ ഖാലിദ് അറസ്റ്റിലായിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിരുന്നു. 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഖാലിദാണെന്നാണ് ദല്‍ഹി പൊലീസിന്റെ ആരോപണം. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 14ന് ഉമര്‍ ഖാലിദ് അറസ്റ്റിലായി.

2020 മാര്‍ച്ച് ആറിനാണ് ക്രൈംബ്രാഞ്ച് ഉമറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹിയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഉമറും സുഹൃത്തുക്കളും ഗൂഢാലോചന നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍.

പിന്നീട് 2020 ജൂലൈയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദല്‍ഹിയിലെ ചാന്ദ്ബാഗില്‍ നടന്ന കലാപ കേസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തത്. അഞ്ചിലധികം തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളപ്പെട്ടത്.

Content Highlight: Delhi riots conspiracy case; Umar Khalid granted interim bail

We use cookies to give you the best possible experience. Learn more