ന്യൂദൽഹി: ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന സമര നേതാക്കൾക്കും ജനപ്രതിനിധികൾക്കും നേരെ ദൽഹി പൊലീസ് ഭരണഘടനാവിരുദ്ധമായ നിരീക്ഷണവും ഭീഷണിയും അഴിച്ചുവിടുകയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി.
ദൽഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരെ കാണാനെത്തിയപ്പോഴാണ് പൊലീസിന്റെ അനാവശ്യ ഇടപെടലുകളെയും സർവൈലൻസിനെയും കുറിച്ച് അദ്ദേഹം തുറന്നടിച്ചത്.
വാർത്താസമ്മേളനത്തിന് എത്തിയ മാധ്യമപ്രവർത്തകരെപ്പോലും പൊലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
തന്റെ വീടിന് മുന്നിൽ ദിവസങ്ങളായി പൊലീസ് വാഹനം തമ്പടിച്ചിരിക്കുകയാണെന്നും, ആര് വരുന്നു പോകുന്നു എന്ന് മുഴുവൻ സമയവും നിരീക്ഷിക്കുകയാണെന്നും റഹീം പറഞ്ഞു.
മാധ്യമപ്രവർത്തകർ ക്യാമറകൾ ഓൺ ചെയ്തപ്പോൾ മാത്രമാണ് പൊലീസ് വാഹനം അവിടെനിന്നും മാറിയത്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജിയും (എഫ്.ആർ.ടി) ബയോമെട്രിക് സർവൈലൻസും ഉപയോഗിച്ച് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ലംഘിക്കുകയാണ്. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും സമാധാനപരമായി സംഘം ചേരാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ പതാകയുമായി സമാധാനപരമായി തെരുവിലിറങ്ങുന്ന വിദ്യാർത്ഥി-യുവജന നേതാക്കളെ ആയുധധാരികളെയെന്നപോലെ അറസ്റ്റ് ചെയ്യുകയും ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രതിഷേധ ഇടങ്ങൾ ഇല്ലാതാക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പുതിയ തലത്തിലേക്ക് ഉയർത്തും. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ജന്തർ മന്തറുകൾ തീർത്ത് വലിയ ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും തീരുമാനിച്ചു.
ഒക്ടോബർ 22-ന് ചെന്നൈയിൽ വിദ്യാർത്ഥി-യുവജനങ്ങളെ അണിനിരത്തി വൻ പ്രക്ഷോഭം സംഘടിപ്പിക്കും. തുടർന്ന് രാജ്യത്തെ പ്രമുഖ ക്യാമ്പസുകളിലേക്കും നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് റഹീം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ഭേദഗതി ബില്ലിനെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയുടെ കുറ്റസമ്മതം രാജ്യത്ത് നിലനിൽക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ പ്രതിഫലനമാണ്. ബി.ജെ.പിയോട് ഒത്തുതീർപ്പ് നിലപാടെടുക്കുന്ന പ്രാദേശിക പാർട്ടികളെപ്പോലും തിരുത്തിക്കാൻ ഈ പോരാട്ടത്തിന് സാധിക്കും അദ്ദേഹം ഓർമിപ്പിച്ചു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളുമായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും ഇടതുപക്ഷം യോജിച്ച് പ്രവർത്തിക്കും. പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും എ.എ. റഹീം എം.പി വ്യക്തമാക്കി.
Content Highlight:Delhi Police threatens and surveils public representatives and leaders; A.A. Rahim says the protest will be expanded.
