തിരുവനന്തപുരം: ദൽഹിയിൽ സമരത്തിനിടെ പൊലീസുകാർ മർദിക്കുകയും അപമാനിക്കുകയും ചെയ്തെന്ന എൻ.എസ്.യു.ഐ നേതാവ് ആതിര വിജയന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു.

സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത ഈ സീറോ എഫ്.ഐ.ആർ തുടർനടപടികൾക്കായി ദൽഹി പൊലീസിന് കൈമാറും.

അതേസമയം, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാണിച്ച് ആതിര വിജയൻ ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർക്കെതിരെ ദൽഹി പൊലീസും കൗണ്ടർ കേസ് രജിസ്റ്റർ ചെയ്തു.

സംഭവം നടന്നത് ദൽഹിയിലാണെങ്കിലും നിയമപ്രകാരം ലഭിച്ച പരാതിയിൽ ഇവിടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, തുടർന്ന് സംഭവം നടന്ന പരിധിയിലെ സ്റ്റേഷനിലേക്ക് കൈമാറുകയുമാണ് ചെയ്തതെന്ന് കേരള പൊലീസ് വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുകയും, തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

മൊഴിയെടുക്കലും തെളിവുശേഖരണവും ഉൾപ്പെടെയുള്ള ബാക്കി കാര്യങ്ങൾ ഇനി പൂർത്തിയാക്കേണ്ടത് ദൽഹി പൊലീസാണ്. എന്നാൽ ദൽഹി പൊലീസുകാർ തന്നെ പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസിൽ അവർ എത്രത്തോളം നിഷ്പക്ഷമായി നടപടി സ്വീകരിക്കുമെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് കേരളത്തിൽ പരാതി നൽകിയതെന്ന് ആതിര വ്യക്തമാക്കി. തന്നെ കൂടാതെ രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു പ്രവർത്തകയായ റിതുവിനു വേണ്ടി രാജസ്ഥാനിലും ഇത്തരത്തിൽ സീറോ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി ഡി.ജി.പിക്ക് പരാതി മെയിൽ അയച്ച ഉടൻ തന്നെ പൊലീസ് ബന്ധപ്പെട്ടതായും അവർ പറഞ്ഞു. പൊലീസിന്റെ ക്രൂരമായ മർദനമേറ്റ തങ്ങൾക്ക് നേരെ കടുത്ത സൈബർ അധിക്ഷേപമാണ് ഉണ്ടാകുന്നത്. പെൺകുട്ടികൾ വീട്ടിൽ അടങ്ങിയിരിക്കണമെന്നും എന്തിന് സമരത്തിന് പോകുന്നു എന്നുമുള്ള തരത്തിൽ സ്വന്തം നാടായ കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അധിക്ഷേപം നേരിടേണ്ടി വരുന്നതെന്നും ആതിര പറഞ്ഞു.

വനിതാ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മുഖത്തും അടിവയറ്റിലും ചവിട്ടുകയും മർദിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ, മർദനത്തിനിരയായ വിദ്യാർത്ഥിനികൾക്കെതിരെ പൊലീസ് കേസെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസും കോൺഗ്രസും വ്യക്തമാക്കി.

പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും അക്രമം കാട്ടിയ പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഇതുവരെ അവർ തയ്യാറായിട്ടില്ല. 24 മണിക്കൂറിനകം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Content Highlight:Delhi Police brutality: Case registered in Kerala based on Athira’s complaint; Delhi Police also files counter-case against the female students.